കൊച്ചി: നടന്‍ കലാഭവന്‍ മണിയുടേതു സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവെന്ന് മെഡിക്കല്‍ സംഘം. കേന്ദ്രലാബില്‍ നടത്തിയ രാസപരിശോധനയില്‍ മരണകാരണമാകാവുന്ന അളവില്‍ മെഥനോള്‍ കണ്ടെത്തി. 45 മില്ലിഗ്രാം മെഥനോളാണ് കണ്ടെത്തിയത്. കൊച്ചി കാക്കനാട്ടെ ലാബില്‍ കണ്ടെത്തിയതിലും ഇരട്ടിയിലധികമാണിതെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.
മണിയുടെ ആന്തരികാവയവങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നു കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍, ഹൈദരാബാദിലെ കേന്ദ്രലാബില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ ഇതു തളളുകയും ചെയ്തിരുന്നു. എന്നാല്‍, വിഷമദ്യത്തില്‍ കാണുന്നയിനം മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മാര്‍ച്ച് ആറിനാണു കലാഭവന്‍ മണി മരിച്ചത്. ചാലക്കുടിയിലെ വീടിനടുത്തുള്ള പാടി എന്ന ഔട്ട്ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത ഏറെപ്പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സിബിഐക്കു വിട്ടിരുന്നു. മണിയുടെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമായിരുന്നിത്.