Kalabhavan mni’s death; court order about polygraph test

തൃശൂര്‍: കലാഭവന്‍ മണിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നുണപരിശോധനയ്ക്ക് കോടതി ഉത്തരവ്. മണിയുടെ സുഹൃത്തുക്കളും സഹായികളുമായ ആറു പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കുക.

നുണപരിശോധനയ്ക്ക് അനുമതി തേടി അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷയിലാണ് ചാലക്കുടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.

കലാഭവന്‍ മണിയുടെ മരണകാരണം കൊലപാതകമോ ആത്മഹത്യയോ സ്വാഭാവികമരണമോ എന്നു സ്ഥീരീകരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് മണിയുടെ സഹായികളും സുഹൃത്തുക്കളുമായ ആറ് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. സുഹൃത്തുക്കളായ അനീഷ്, മുരുകന്‍, വിപിന്‍, അരുണ്‍, ഡ്രൈവര്‍ പീറ്റര്‍, മാനേജര്‍ ജോബി എന്നിവരെയാണ് പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കുക.

പരിശോധനയ്ക്ക് അനുമതി തേടി ചാലക്കുടി പൊലീസ് കോടതിയെ സമീപിച്ചിരുന്നു. ആറ് പേരെയും നോട്ടീസ് അയച്ചു വിളിപ്പിച്ച് സമ്മതം വാങ്ങിയതിനെ തുടര്‍ന്നാണ് ചാലക്കുടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി നുണപരിശോധനയ്ക്ക് ഉത്തരവിട്ടത്. കേന്ദ്ര സംസ്ഥാന ലാബുകളില്‍ മണിയുടെ ആന്തരിക അവയവങ്ങള്‍ പരിശോധിച്ചതില്‍ വ്യത്യസ്ത ഫലങ്ങളാണ് പുറത്തു വന്നത്. ശരീരത്തില്‍ ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനിയുടെയും മീഥേല്‍ ആല്‍ക്കഹോളിന്റെയും സാന്നിധ്യം കണ്ടെത്തിയത് ദുരൂഹത വര്‍ദ്ധിപ്പിച്ചു. ഇവയുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

മണിയുടെ മരണത്തില്‍ ഒപ്പമുണ്ടായിരുന്ന സഹായികള്‍ക്കും സുഹൃത്തുക്കള്‍ക്കും പങ്കുണ്ടാകാമെന്ന സഹോദരന്‍ രാമകൃഷ്ണന്‍ പരാതി ഉന്നയിച്ചിരുന്നു. സുഹൃത്തുക്കളെ ചോദ്യം ചെയ്തതില്‍ നിന്ന് അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് നുണപരിശോധനയ്ക്ക് അനുമതി തേടിയത്.

സഹോദരന്റെ ആവശ്യപ്രകാരം ജൂണ്‍ പത്തിന് കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഎക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു.

Top