kalabhavn mani death-fatherlaw in police station

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ നിമ്മിയുടെ പിതാവിനെ ചോദ്യംചെയ്തു. കുടുംബബന്ധത്തില്‍ വിള്ളല്‍വീണോ, എങ്കില്‍ അതിനുള്ള കാരണങ്ങള്‍ എന്തെല്ലാം തുടങ്ങിയ വിവരങ്ങളാണ് പൊലീസ് ആരാഞ്ഞത്. ഇക്കാര്യത്തില്‍ ഭാര്യാപിതാവ് നല്‍കിയ മറുപടി പൊലീസ് വെളിപ്പെടുത്തിയില്ല. ഇതോടൊപ്പംതന്നെ മറ്റുകുടുംബാംഗങ്ങളെയും ചോദ്യംചെയ്തു. ഈ വിവരങ്ങളെല്ലാം വിലയിരുത്തിയശേഷമാകും കേസിന്റെ ഗതി ഏതുദിശയിലേക്ക് മാറ്റണമെന്ന് പൊലീസ് തീരുമാനിക്കുക.

ഭാര്യാപിതാവോ കുടുംബാഗങ്ങളോ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. മണിയുമായി ബന്ധപ്പെടുന്ന 200ലധികം പേരെ ഇതിനകം ചോദ്യം ചെയ്തു. സംശയം തോന്നിയ പത്തുപേരെ 24 മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷം അവരില്‍ രണ്ടുപേരെ മാത്രം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പുറത്ത് പ്രചരിക്കുന്ന പല കഥകളിലും തെളിവുകളോ വ്യക്തമായ മൊഴികളോ ലഭിക്കാത്തതിനാല്‍ അന്തിമ നിഗമനത്തിലെത്താനാകാത്ത സ്ഥിതിയിലാണ് അന്വേഷണ സംഘം. മണിയുടെ വീട്ടില്‍ നിന്ന് 400 മീറ്റര്‍ മാത്രം അകലെയാണ് പാഡിയിലെ റസ്റ്റ് ഹൗസ്. ഫെബ്രുവരി 20ന് ശേഷം വീട്ടില്‍ വരികയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന ഭാര്യ നിമ്മിയുടെ മൊഴി ഗൗരവമുള്ളതാണ്. ജനുവരിക്ക് ശേഷം രണ്ടോ മൂന്നോ തവണ മാത്രമേ മണി വീട്ടില്‍ വന്നിട്ടുള്ളൂ എന്നും പൊലീസ് കണ്ടെത്തി. ഒന്നോ രണ്ടോ പ്രോഗ്രാമുകള്‍ക്ക് പോയതൊഴികെയുള്ള ദിവസങ്ങളിലെല്ലാം മണി റസ്റ്റ് ഹൗസിലുണ്ടായിരുന്നു. ഇത്രയും ദിവസങ്ങളില്‍ കുടുംബവുമായി അകന്ന് കഴിയാനുള്ള കാരണങ്ങളും അന്വേഷിച്ചു. ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

Top