പൃഥ്വിരാജിന്റെ സംവിധാന മികവിനെ പ്രശംസിച്ച് കലാഭവന്‍ ഷാജോണ്‍

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ലൂസിഫര്‍.പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ലൂസിഫര്‍ ഒരു ത്രില്ലര്‍ ചിത്രമാണ്. മുരളി ഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്. വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ ലൂസിഫറിന്റെ ഭാഗമായ കലാഭവന്‍ ഷാജോണ്‍ സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയണ്.

‘ലൂസിഫറിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ഏതൊരു നടനും അത്തരമൊരു കോമ്പിനേഷന്‍ ആഗ്രഹിക്കുന്നതാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്നു. ലാലേട്ടന്‍ നായകനാകുന്നു. മലയാളത്തിലെയും മറ്റ് ഭാഷകളിലെയും വലിയ താരങ്ങള്‍ അഭിനയിക്കുന്നു. അങ്ങനെയൊരു വലിയ സിനിമയില്‍ അഭിനയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, പ്രാര്‍ഥിച്ചിരുന്നു.

ഞാന്‍ മുമ്പ് പൃഥ്വിരാജിനെ കണ്ടപ്പോള്‍ അക്കാര്യം പറയുകയും ചെയ്തിരുന്നു. എന്തെങ്കിലും ഒരു വേഷമുണ്ടെങ്കില്‍ എന്നോട് പറയണം കേട്ടോ എന്ന്. വെറുതെ തമാശയ്ക്ക് ഞാന്‍ സൂചിപ്പിച്ചിരുന്നു. അതിനുശേഷം സിനിമ തുടങ്ങുന്നതിനു മുമ്പ് ആയിരുന്നു പൃഥ്വിരാജിന്റെ കോള്‍. ചേട്ടാ വളരെ പെട്ടെന്നുള്ള വിളിയാണെന്ന് അറിയാം, എനിക്ക് ഡേറ്റ് തരണം എന്നു പറഞ്ഞു. മറ്റ് സിനിമകളുടെ തിരക്കുകള്‍ ഒഴിവാക്കി ഞാന്‍ സിനിമയുടെ ഭാഗവുമായി. അലോഷി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ലാലേട്ടന്റെ കൂടെ നില്‍ക്കുന്ന കഥാപാത്രം. അതാണ് എനിക്ക് കൂടുതല്‍ സന്തോഷം നല്‍കിയത്.

എന്താണ് കഥാപാത്രം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ലാലേട്ടന്റെ വലംകൈയാണ് ചേട്ടാ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. പിന്നെ ആ സിനിമയെക്കുറിച്ച് എടുത്തു പറയാനുള്ളത് പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ചാണ്. ഞെട്ടിച്ചുകളഞ്ഞു രാജു, ഒരു സംശയവുമില്ലാതെ വളരെ ആലോചിച്ച് പൃഥ്വിരാജ് ഷൂട്ട് ചെയ്തു. എല്ലാ സീനിലും കുറഞ്ഞത് പത്ത്, പതിനഞ്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുണ്ടാകും. അത് വളര്‍ന്ന് വളര്‍ന്ന് 5000 വരെ ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ വന്ന സീനുകള്‍ വരെയുണ്ടായി. അപ്പോഴൊന്നും ഒരു ടെന്‍ഷനും കാണിക്കാതെ അനുഭവസമ്പത്തുള്ള ഒരു സംവിധായകന്റെ മെയ്‌വഴക്കത്തോടെയാണ് പൃഥ്വിരാജ് അതെല്ലാം ഷൂട്ട് ചെയ്തത്. ഞാന്‍ പൃഥ്വിരാജിനോട് ചോദിച്ചു, എങ്ങനെയാണ് ഇത് പറ്റുന്നത് എന്ന്? ചേട്ടാ ഇതൊന്നും വലിയ കാര്യമൊന്നുമില്ല, അങ്ങനെ വിചാരിച്ചാല്‍ മതി എന്നായിരുന്നു മറുപടി.

സിനിമയെ കുറിച്ച് എല്ലാം അറിയാം. എന്താണ് എടുക്കാന്‍ പോകുന്നതെന്നും നമ്മള്‍ ചെയ്യേണ്ട ഭാവങ്ങള്‍ എല്ലാം അറിയാം. ഞാന്‍ ഒരു ഭാവം കാണിച്ചപ്പോള്‍ അടുത്തുവന്ന് എന്നോടു പറഞ്ഞു അത് വേണ്ട എന്ന്. ചേട്ടന്റെ ഇങ്ങനെയുള്ള എക്‌സ്പ്രഷന്‍ വേറെ ഏതോ സിനിമയില്‍ ഞാന്‍ കണ്ടിട്ടുണ്ട് എന്നു പറഞ്ഞു. അങ്ങനെ ഓരോ അഭിനേതാക്കളെയും കുറിച്ച് പഠിച്ചിട്ടാണ് അദ്ദേഹം സംവിധായകന്റെ കസേരയില്‍ ഇരുന്നത്. അതിന്റെ എല്ലാ ഗുണവും സിനിമയ്ക്ക് ഉണ്ടാകും’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

Top