കോഴിക്കോട് : കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാര്‍ഥനായോഗത്തിലുണ്ടായ സ്‌ഫോടനം അങ്ങേയറ്റം അപലപനീയമാണെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നു പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസലിയാരും ആവശ്യപ്പെട്ടു.
കൊച്ചി കളമശ്ശേരിയിൽ സാമ്ര കണ്‍വന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ കണ്‍വന്‍ഷനിടെ ഞായറാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സ്‌ഫോടനം. ഒരു സ്ത്രീ മരിക്കുകയും നിരവധി പേര്‍ക്കു പൊള്ളലേല്‍ക്കുകയും ചെയ്തു. മന്ത്രിമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര ഏജന്‍സിയും സ്ഥലത്തെത്തി.
മതസൗഹാര്‍ദത്തിനും സമാധാന അന്തരീക്ഷത്തിനും മാതൃക കാണിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. ഇതിനു തടസ്സമുണ്ടാക്കുന്ന ഏതു നീക്കത്തെയും സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണം. നിജസ്ഥിതി വെളിച്ചത്തു കൊണ്ടുവരാന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി എല്ലാവരും സഹകരിക്കണം. അഭ്യൂഹങ്ങള്‍ പരത്തി സമാധാനാന്തരീക്ഷം തകര്‍ക്കരുത്. മത ചിഹ്നങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ പവിത്രമായി കാണണം. ഇത്തരം സംഭവങ്ങള്‍ ഒരിടത്തും ഉണ്ടാകരുത് – നേതാക്കള്‍ അഭിപ്രായപ്പെട്ടു.