കൊച്ചി: കളമശ്ശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ സംശയകരമായ സാഹചര്യത്തില്‍ കാര്‍ കണ്ടെത്തിയെന്ന് പൊലീസ്. കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഗ്രൗണ്ടില്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിട്ടും പുറത്തേക്ക് കാര്‍ പോയത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. നീല നിറത്തിലുള്ള ഈ കാര്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
നിലവില്‍ തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ 48 വയസ്സുള്ള മാര്‍ട്ടിനെന്ന വ്യക്തി കീഴടങ്ങിയിട്ടുണ്ട്. ഇയാളെ കൊടകര പൊലീസ് സ്റ്റേഷനില്‍ നിന്ന് രഹസ്യ സങ്കേതത്തിലേക്ക് മാറ്റി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രഹസ്യമായി ചോദ്യം ചെയ്യാനാണ് നീക്കം. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കാന്‍ പുറത്തുനിന്നുള്ളവര്‍ക്ക് വിലക്കുകളില്ലായിരുന്നു. ഇക്കാരണത്താല്‍ പുറത്തുനിന്നെത്തി ആക്രമണം നടത്താനുള്ള സാഹചര്യവും പൊലീസ് തള്ളിക്കളയുന്നില്ല. അന്വേഷണത്തിന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയാണ് പൊലീസ്. സ്റ്റേഷനുകളുടെ അതിര്‍ത്തി അടച്ചുള്ള പരിശോധനയ്ക്ക് പൊലീസ് മേധാവി നിര്‍ദേശം നല്കി. ജില്ല അതിര്‍ത്തികളും അടച്ച് പരിശോധന നടത്തും. സംസ്ഥാന അതിര്‍ത്തികളില്‍ കൂടുതല്‍ സേന വിന്യാസം. മുഴുവന്‍ പോലീസ് സംവിധാനങ്ങളോടും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി. മൊഴികളുടെ അടിസ്ഥാനത്തില്‍ രേഖാ ചിത്രം തയ്യാറാക്കും.