കൊച്ചി: കേരളത്തെ നടുക്കിയ കളമശ്ശേരി സ്ഫോടനത്തില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് ഉണ്ടാക്കാന്‍ പഠിച്ചത് ആറ് മാസം കൊണ്ടെന്ന് പൊലീസ്. ഇന്റര്‍നെറ്റിലൂടെയാണ് ബോംബുണ്ടാക്കാന്‍ ഇയാള്‍ പഠിച്ചത്. ബോംബ് നിര്‍മിക്കാനുള്ള സ്ഫോടക വസ്തു വാങ്ങിയ കടകളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സ്‌കൂട്ടറിലാണ് കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലേക്കെത്തിയത്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ബോംബ് നിയന്ത്രിച്ചതെന്നും ഡൊമിനിക് പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പൊലീസ് അന്വേഷണം നടത്തിവരികയാണ്. ആകെ ചികിത്സ തേടിയത് 52 പേരെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതില്‍ ഒരാളാണ് മരിച്ചത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നവരില്‍ 18പേര്‍ ഐസിയുവിലാണ്. അതില്‍ ആറുപേരുടെ നിലയാണ് ഗുരുതരാവസ്ഥയിലുള്ളത്. ആറുപേരില്‍ 12 വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. കുട്ടിക്ക് 90 ശതമാനത്തില്‍ അധികം പൊള്ളലേറ്റിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. രണ്ട് പേര്‍ വെന്റിലേറ്ററിലാണ്. കൂടാതെ 50 ശതമാനത്തിന് മുകളില്‍ പൊള്ളലേറ്റ ഒരാള്‍ കൂടിയുണ്ടെന്ന് മന്ത്രി പറഞ്ഞു.
തമ്മനത്തെ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് ഇന്ന് രാവിലെ അഞ്ച് മണിക്കാണ് ഡൊമിനിക് ഇറങ്ങിയത്. പ്രാര്‍ത്ഥനായോഗ സ്ഥലത്ത് പെട്രോള്‍ നിറച്ച കുപ്പിക്കൊപ്പമാണ് ഇയാള്‍ ബോംബ് വെച്ചത്. ഡൊമിനിക് മാര്‍ട്ടിന്റെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സ്ഫോടനത്തിന്റെ ഉത്തരവാദി താനാണെന്ന് ഡൊമിനിക് തന്നെ പൊലീസ് സ്റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു. സ്ഫോടനം നടത്തിയതിന്റെ ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ ഉണ്ടായിരുന്നു. ഡൊമിനിക് തന്നെയാണ് പ്രതി എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തെക്കുറിച്ച് കാര്യങ്ങള്‍ വിശദമായി പറഞ്ഞ് ഫേസ്ബുക്കില്‍ വീഡിയോ ഇട്ട ശേഷമാണ് ഇയാള്‍ പൊലീസില്‍ കീഴടങ്ങിയത്.