കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായ സാഹചര്യത്തില്‍ പൊലീസ്, വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടില്ല.സ്‌ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തില്‍ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാര്‍ട്ടിന്‍ വാഹനത്തിനുള്ളില്‍ റിമോട്ടുകള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ള കവറില്‍ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകള്‍ കണ്ടെത്തിയത്. കൊടകര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തത്.

കളമശ്ശേരി സ്‌ഫോടനത്തിന്റെ നിര്‍ണായക തെളിവുകളായ റിമോട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെടുത്തത്. പ്രതി മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്നാണ് കേസിലെ നിര്‍ണായക തെളിവായ നാല് റിമോട്ടുകള്‍ കണ്ടെടുത്തത്. ഈ റിമോട്ടുകള്‍ ഉപയോഗിച്ചാണ് കളമശ്ശേരിയില്‍ മാര്‍ട്ടിന്‍ സ്‌ഫോടനം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.കൊടകര പോലീസ് സ്റ്റേഷനില്‍ നടത്തിയ തെളിവെടുപ്പില്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകള്‍ കണ്ടെടുത്തിരുന്നു. സ്‌ഫോടനത്തിനു പിന്നില്‍ താന്‍ മാത്രമാണ് എന്നാണ് പൊലീസിനോട് മാര്‍ട്ടിന്‍ ആവര്‍ത്തിക്കുന്നത്.

 

Top