കളമശ്ശേരി സ്‌ഫോടനക്കേസ്; പ്രതിയെ സംഭവദിവസം കണ്‍വന്‍ഷനില്‍ പങ്കെടുത്തവരില്‍ ചിലര്‍ കണ്ടെന്ന് അറിയിച്ചു

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസില്‍ തിരിച്ചറിയല്‍ പരേഡിന് അന്വേഷണ സംഘം നടപടികളാരംഭിച്ചു. കണ്‍വെന്‍ഷന് എത്തിയവരുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ച് വരികയാണ്. യഹോവ സാക്ഷികളുടെ കണ്‍വന്‍ഷനില്‍ പങ്കെടുത്തവരില്‍ ചിലര്‍ സംഭവദിവസം ഡൊമിനിക് മാര്‍ട്ടിനെ കണ്ടതായി അറിയിച്ചു. ഇവരുടെ ലിസ്റ്റ് തയ്യാറാക്കുകയാണ് പൊലീസ്. തിരിച്ചറിയല്‍ പരേഡിന് കോടതി അംഗീകാരം ലഭിച്ചശേഷം ഇവരോട് ഹാജരാകാന്‍ ആവശ്യപ്പെടും. കാക്കനാട്ടെ ജില്ലാ ജയിലില്‍ തിരിച്ചറിയല്‍ പരേഡ് നടത്താനാണ് തീരുമാനം.

ഡൊമിനിക് മാര്‍ട്ടിന്റെ മൊഴികള്‍ ലഭ്യമായ തെളിവുകളും അന്വേഷണ സംഘം പരിശോധിക്കുകയാണ്. പ്രതിയുടെ കോള്‍ ലിസ്റ്റ്, കണ്‍വന്‍ഷന്‍ സെന്ററിലെ സി സിടിവി ദൃശ്യങ്ങള്‍, ഡൊമിനിക് മൊബൈലില്‍ പകര്‍ത്തിയ സ്‌ഫോടന ദൃശ്യങ്ങള്‍ എന്നിവയുടെ പരിശോധനയാണ് പുരോഗമിക്കുന്നത്. ദൃശ്യങ്ങള്‍ ആര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും അന്വേഷിക്കുകയാണ്. പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍സ്‌ഫോടനം നടന്ന സാമ്ര കണ്‍വന്‍ഷന്‍ സെന്ററില്‍ എത്തിച്ച് തെളിവെടുക്കും. ഇതിനുള്ള നടപടി ആരംഭിച്ചു.

യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതറിഞ്ഞാണ് ഡൊമിനിക് മാര്‍ട്ടിന്‍ വിദേശത്ത് നിന്ന് നാട്ടില്‍ എത്തിയത്. ബോംബ് ഉണ്ടാക്കാനുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും മറ്റും വാങ്ങിയത് കുട്ടികള്‍ക്ക് കളിപ്പാട്ടം നിര്‍മിക്കാനെന്ന പേരിലാണെന്ന് ഇയാള്‍ മൊഴി നല്‍കി. അന്വേഷണത്തില്‍ സൈബര്‍ വിദഗ്ധരുടെ സഹായം തേടാനാണ് പൊലീസിന്റെ തീരുമാനം.

 

Top