കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസ്സില്‍ പ്രതി ഡൊമിനിക്ക് മാര്‍ട്ടിനുമായി അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയേക്കും. സ്‌ഫോടനത്തിന് ഉപയോഗിച്ച പെട്രോള്‍ വാങ്ങിയ പമ്പിലും തമ്മനത്തെ വീട്ടിലുമാണ് തെളിവെടുക്കാനുളളത്. സ്‌ഫോടനവുമായി ബന്ധപ്പെട്ടുള്ള എല്ലാ തെളിവുകളും ഇതിനോടകം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നാണ് സൂചന. ഡൊമിനിക്കിന്റെ വിദേശ ബന്ധത്തെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ച് വരുകയാണ്. വിവിധയിടങ്ങളിലെ തെളിവെടുപ്പില്‍ പ്രതി തന്നെ പൊലീസിനെ തെളിവുകള്‍ കണ്ടെത്താന്‍ സഹായിച്ചിരുന്നു. പ്രതി ഡൊമനിക്കുമായുള്ള സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെ തെളിവെടുപ്പ് ആറ് മണിക്കൂറിലധികം സമയമെടുത്താണ് പൂര്‍ത്തികരിച്ചത്.
യഹോവയുടെ സാക്ഷികളുടെ കൂട്ടായ്മയില്‍ തുടരുന്ന ചിലരോട് തനിക്ക് വിരോധം ഉണ്ടായിരുന്നതായി ഡൊമിനിക്ക് മൊഴി നല്‍കിയിരുന്നു. ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്. നാലു പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.