കളമശ്ശേരി സ്ഫോടനം: നിര്‍ണായക തെളിവ്; പ്രതിയുടെ വാഹനത്തില്‍ നിന്നും 4 റിമോര്‍ട്ടുകള്‍ കണ്ടെടുത്തു

കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ പ്രതി ഡൊമനിക് മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്ന് 4 റിമോര്‍ട്ടുകള്‍ കണ്ടെടുത്തു. മാര്‍ട്ടിന്റെ സ്‌കൂട്ടറിനുള്ളില്‍ കവറില്‍ പൊതിഞ്ഞ നിലയിലാണ് നിര്‍ണായകമായ തെളിവുകള്‍ പോലീസ് കണ്ടെടുത്തത്. ഓറഞ്ച് നിറത്തിലുള്ള എ, ബി എന്നീ രണ്ട് സ്വിച്ചുകള്‍ അടങ്ങിയ റിമോട്ടുകളാണ് കണ്ടെത്തിയത്.

സ്ഫോടനത്തിന് ശേഷം കൊടകര പോലീസ് സ്റ്റേഷനില്‍ മാര്‍ട്ടിന്‍ കീഴടങ്ങാനെത്തിയത് സ്‌കൂട്ടറിലായിരുന്നു. മാര്‍ട്ടിനെ ഇവിടെയെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് സ്‌കൂട്ടറിനുള്ളില്‍നിന്ന് റിമോര്‍ട്ടുകള്‍ കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവാണിത്. ഒക്ടോബര്‍ 29-ന് രാവിലെ യഹോവ സാക്ഷികളുടെ സമ്മേളനം നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചിരുന്നു.

ശനിയാഴ്ച ഉച്ചയോടെയാണ് മാര്‍ട്ടിനെ കൊടകരയിലും കൊരട്ടിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. രാവിലെ 11 മണിയോടെ കൊരട്ടിയിലെ ഹോട്ടിലിലാണ് ആദ്യം തെളിവെടുപ്പ് നടന്നത്. സ്ഫോടനത്തിന് ശേഷം ഉത്തരവാദിത്വം ഏറ്റെടുത്ത് മാര്‍ട്ടിന്‍ വീഡിയോ ഉള്‍പ്പെടെ ചിത്രീകരിച്ചത് ഈ ഹോട്ടലില്‍വെച്ചായിരുന്നു. ഇവിടുത്തെ തെളിവെടുപ്പിന് ശേഷം കൊടകരയിലും തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

Top