കളമശ്ശേരി സ്‌ഫോടനം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍  ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി. ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്‍ (45) ആണ് മരിച്ചത്. നേരത്തെ സ്‌ഫോടനത്തില്‍ മരിച്ച 12വയസുകാരി ലിബ്‌നയുടെ അമ്മയാണ് ഇന്ന് രാത്രി മരണത്തിന് കീഴടങ്ങിയ സാലി പ്രദീപന്‍. സ്‌ഫോടനം നടന്നശേഷം അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സാലി.

സാലിയുടെ മകന്‍ പ്രവീണ്‍ അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയും സഹോദരിയും മരണത്തിന് കീഴടങ്ങിയതറിയാതെയാണ് പ്രവീണ്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്. സാലിയുടെ മൂത്ത മകന്‍ രാഹുലും ആശുപത്രിയില്‍ ചികിത്സയിലാണ്. കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ച ഇവരുടെ മകള്‍ 12 വയസുകാരി ലിബ്‌നയുടെ സംസ്‌കാര ചടങ്ങുകള്‍ ഇക്കഴിഞ്ഞ നാലിനാണ് നടന്നത്. 95 ശതമാനം പൊള്ളലേറ്റ ലിബ്‌ന സ്‌ഫോടനം നടന്ന ദിവസം രാത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്കും സഹോദരങ്ങള്‍ക്കും അവസാനമായി  ഒരുനോക്ക് കാണാനാണ് അച്ഛന്‍ പ്രദീപന്‍ സംസ്‌കാരം ആറ് ദിവസം നീട്ടിയത്. അവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുമെന്നതോടെയാണ് സംസ്‌കാരം നടത്താന്‍ തീരുമാനിച്ചത്.

മലയാറ്റൂര്‍ നീലീശ്വരത്തെ സ്‌കൂളിലും വീട്ടിലും വികാരനിര്‍ഭരമായ യാത്രയയപ്പാണ് ലിബ്‌നക്ക് സഹപാഠികള്‍ നല്‍കിയത്. വികാര നിര്‍ഭരമായ യാത്രയയപ്പിനൊടുവില്‍ തൃശ്ശൂര്‍ കൊരട്ടിയിലെ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിലാണ് ലിബ്‌നയുടെ മൃതദേഹം സംസ്‌കരിച്ചത്.

Top