Kalamassery bus burning case

ന്യൂഡല്‍ഹി: കോയമ്പത്തൂര്‍ ബോംബ് കേസില്‍ അബ്ദുന്നാസര്‍ മഅദനിയെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന്റെ ബസ് കളമശേരിയില്‍ കത്തിച്ച കേസിലെ പ്രതിയായ കെ.എ. അനൂബിനെ ഡല്‍ഹി വിമാനത്താവളത്തില്‍വെച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.) അറസ്റ്റ് ചെയ്തു. 2005ലാണ് കേസിനാസ്പദമായ സംഭവം. എന്‍.ഐ.എയുടെ ആവശ്യത്തെ തുടര്‍ന്ന് യു.എ.ഇ. സര്‍ക്കാര്‍ ഇയാളെ ഇന്ത്യയിലേക്ക് നാടു കടത്തുകയായിരുന്നു.

2005 സെപ്തംബര്‍ ഒമ്പതിന് രാത്രി ഒമ്പതരയോടെ, എറണാകുളത്തുനിന്ന് സേലത്തേക്കു പോവുകയായിരുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബസ് തട്ടിക്കൊണ്ടുപോയ ഒരു സംഘം കളമശേരിക്കടുത്തുവെച്ച് ഒഴിഞ്ഞ സ്ഥലത്ത് യാത്രക്കാരെ ഇറക്കിവിട്ട ശേഷം കത്തിക്കുകയായിരുന്നു. കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ വിചാരണ അന്തിമമായി നീളുന്നതിലും മഅദനി അടക്കമുള്ളവരെ വിടണമെന്നും ആവശ്യപ്പെട്ടായിരുന്നു ബസ് കത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് ഗള്‍ഫിലേക്കു രക്ഷപ്പെട്ട അനൂബ് പിന്നീട് നാട്ടിലേക്കു വന്നില്ല.

2008ല്‍ എന്‍.ഐ.എയുടെ രൂപീകരണത്തിനു ശേഷം തീവ്രവാദ സ്വഭാവമുള്ള കേസുകള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് കളമശേരി ബസ് കത്തിക്കല്‍ സംഭവം എന്‍.ഐ.എ. ഏറ്റെടുത്തത്. യു.എ.ഇയുമായുള്ള കുറ്റവാളി കൈമാറ്റ കരാറിന്റെ ഭാഗമായാണ് അനൂബിനെ എന്‍.ഐ.എ. ആവശ്യപ്പെട്ടതും അവര്‍ നാടു കടത്തിയതും. ഈ കേസില്‍ മഅദനിയുടെ ഭാര്യ സൂഫിയ അടക്കമുള്ളവര്‍ പ്രതിയായിരുന്നു.

ബസിനെ പിന്തുടര്‍ന്ന മൂന്നു പേരില്‍ ഒരാളാണ് അനൂബെന്നും ഗൂഢാലോചനയില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നും എന്‍.ഐ.എ. കണ്ടെത്തിയിരുന്നു. 2010ല്‍ എന്‍.ഐ.എ. കേസില്‍ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തു. ന്യൂഡല്‍ഹിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ശേഷമായിരിക്കും അനൂബിനെ കേരളത്തിലേക്കു കൊണ്ടുവരിക

Top