അച്ഛാ അതല്ലേ എന്റെ അമ്മ?: വിഷുദിനത്തില്‍ അരങ്ങേറ്റ ചിത്രം പങ്കുവെച്ച് കാളിദാസ്‌

ത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടനാണ് കാളിദാസ് ജയറാം.

ചിത്രത്തില്‍ ജയറാമിന്റെ മകനായി തന്നെയാണ് കാളിദാസ് എത്തിയത്. ഈ അരങ്ങേറ്റ ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാളിദാസ് ജയറാം കാഴ്ചവെച്ചത്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ക്ക് പിന്നാലെ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലും ബാലതാരമായി കാളിദാസ് അഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ എല്ലാ പോസ്റ്റുകളും വൈറലാകാറുണ്ട്. ഇപ്പോഴിതാ

വിഷു ദിനത്തില്‍ താരപുത്രന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്. കൊച്ചു കൊച്ചു സന്തോഷങ്ങളുടെ പഴയൊരു പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് കാളിദാസ് എത്തിയത്. പോസ്റ്ററില്‍ സിനിമയുടെ ചിത്രീകരണ വേളയില്‍ നടന്ന ഒരു രസകരമായ സംഭവമാണ് പറയുന്നത്. ഇത് മുമ്പ്‌സിനിമയുടെ പരസ്യത്തിനായും ഉപയോഗിച്ചിരുന്നു. ചിത്രത്തില്‍ സീതാലക്ഷമി എന്ന കഥാപാത്രമായിട്ടാണ് ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചത്. ‘സീതാലക്ഷ്മിയെ നോക്കി ഇടറിയ ശബ്ദത്തില്‍ ജയറാം കാളിദാസിനോട് പറഞ്ഞു. മോനെ ഇതാണ് നിന്റെ അമ്മ. ക്യാമറയുടെ പുറകില്‍ മകന്റെ അഭിനയം ശ്രദ്ധാപൂര്‍വ്വം കണ്ടുനിന്ന പാര്‍വ്വതിയെ ചൂണ്ടിക്കാട്ടി കാളിദാസ് ചോദിച്ചു. അച്ഛാ അതല്ലേ എന്റെ അമ്മ’.

20 വര്‍ഷം മുമ്പ് ഇതുപോലുള്ള ഒരു വിഷു ദിനത്തില്‍ എനിക്ക് വളരെ മനോഹരമായ ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞു എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ പോസ്റ്റര്‍ കാളിദാസ് പങ്കുവെച്ചിരിക്കുന്നത്.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിലൂടെയായിരുന്നു വീണ്ടും കാളിദാസിന്റെ അരങ്ങേറ്റം. തുടര്‍ന്ന് അഞ്ചിലധികം സിനിമകളില്‍ അഭിനയിച്ചു. ഇതില്‍ ഹാപ്പി സര്‍ദാര്‍ എന്ന ചിത്രമാണ് ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. തമിഴില്‍ മീന്‍ കുഴമ്പും മണ്‍ പാനൈയും എന്ന ചിത്രത്തിലൂടെയായിരുന്നു കാളിദാസിന്റെ അരങ്ങേറ്റം. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍, ജയരാജ് സംവിധാനം ചെയ്യുന്ന ബാക്ക് പാക്കേര്‍സ് തുടങ്ങിയവയാണ് റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

Top