രാജ്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ബലാത്സംഗ കേസിലെ പ്രതികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതാണ്. ലേഡി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീവെച്ച് കൊന്ന തെലങ്കാനയിലെ 4 പ്രതികളെയും വെടിവെച്ച് കൊന്നു കഴിഞ്ഞു. തൊട്ടു പിന്നാലെ ഇതാ യു.പിയിലെ ഉന്നാവിലും സമാന സംഭവം ആവര്‍ത്തിച്ചിരിക്കുകയാണ്. കൂട്ട ബലാത്സംഗത്തിനിരയാക്കി പ്രതികള്‍ പച്ചക്ക് കത്തിച്ച യുവതിയും മരണപ്പെട്ടു കഴിഞ്ഞു.ഇതെല്ലാം കണ്ട് സ്തംഭിച്ച് നില്‍ക്കുകയാണിപ്പോള്‍ രാജ്യത്തെ ജനത.
തെലങ്കാന മോഡലില്‍ പ്രതികളെ വെടിവെച്ച് കൊല്ലണമെന്ന ആവശ്യം ഉന്നാവ് സംഭവത്തിലും ഉയര്‍ന്നു കഴിഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തന്നെയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കഴുത്തില്‍ മുറിവുണ്ടാക്കിയാണ് 5 പേര്‍ തന്നെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ യുവതി പറഞ്ഞിട്ടുണ്ട്. 90 ശതമാനത്തിലധികം പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രിയാണ് ഡല്‍ഹി സഫ് തര്‍ജങ് ആശുപത്രിയില്‍ മരണപ്പെട്ടത്.
തെലങ്കാനയില്‍ ലേഡി ഡോക്ടറെ കത്തിച്ച പ്രതികള്‍ക്ക് പൊലീസ് തന്നെ ശിക്ഷ വിധിച്ച ദിവസമാണ് ഈ വേര്‍പാടും സംഭവിച്ചിരിക്കുന്നത്.തെലങ്കാന പൊലീസ് നടപടിയെ വിമര്‍ശിക്കുന്നവര്‍ പോലും ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ്.
യുവതിയെ തടങ്കലില്‍ പാര്‍പ്പിച്ച് കൂട്ടബലാത്സംഗം ചെയ്തവര്‍ തന്നെയാണ് ജാമ്യത്തിലിറങ്ങി അവിടെ കൊലയും ചെയ്തിരിക്കുന്നത്.
ബലാത്സംഗ കേസിലെ ശിക്ഷ വേഗത്തിലാക്കിയിരുന്നുവെങ്കില്‍ ഈ യുവതിക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അപചയമാണ് ഇവിടെ അക്രമികള്‍ മുതലെടുത്തിരിക്കുന്നത്. ഉന്നാവ് യുവതിയുടെ മരണശേഷം ഇപ്പോള്‍ അതിവേഗ കോടതിയിലേക്ക് വിചാരണ മാറ്റുമെന്ന് യു.പി മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വൈകി വന്ന വിവേകമാണിത്.
രാജ്യത്തെ നടുക്കിയ എം.എല്‍.എ പ്രതിയായ പീഢന കേസ് നടന്നതും ഉന്നാവില്‍ തന്നെയാണ്. ഒടുവില്‍ ആ പെണ്‍കുട്ടിക്ക് സംരക്ഷണം ഉറപ്പുവരുത്താന്‍ സുപ്രീം കോടതിക്ക് തന്നെ ഇടപെടേണ്ടി വന്നു.
പീഢിപ്പിച്ചവര്‍ തന്നെ വണ്ടിയിടിപ്പിച്ച് ഇരയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് കോടതി നേരിട്ട് ഇടപെട്ടിരുന്നത്. ഈ അപകടത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു. തലനാരിഴക്കാണ് ഇരയും അഭിഭാഷകനും രക്ഷപ്പെട്ടിരുന്നത്.അത് തന്നെ വിദഗ്ദ ചികിത്സ കോടതി ഉറപ്പാക്കിയത് കൊണ്ടു മാത്രമായിരുന്നു.
ഈ കേസിന്റെ വിചാരണയും ഇതുവരെയായിട്ടും തുടങ്ങിയിട്ടില്ല. ഉന്നാവില്‍ നിന്നുയരുന്ന ‘തീഗോളം’ നാളെ വീണ്ടും തന്നെ തേടി എത്തുമോ എന്ന ഭയത്തിലാണിപ്പോള്‍ ഈ പെണ്‍കുട്ടിയും കഴിയുന്നത്.
മരണപ്പെട്ട ഉന്നാവ് യുവതിയുടെയും ജീവിച്ചിരിക്കുന്ന ഈ പെണ്‍കുട്ടിയുടെയും കുടുംബങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത് ഒന്നു മാത്രമാണ്. അത് തെലങ്കാന മോഡല്‍ പണിഷ്‌മെന്റാണ്. ഇവിടുത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങളും മനസ്സാ ആഗ്രഹിക്കുന്നതും അതു തന്നെയാണ്.
അതേസമയം തെലങ്കാന പൊലീസിന്റെ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഏറ്റുമുട്ടല്‍ കൊലയുമായി ബന്ധപ്പെട്ട് ഒന്‍പത് ഹര്‍ജികളും ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ചെയ്ത പ്രവര്‍ത്തിയില്‍ ഉറച്ച നിലപാടിലാണ് തെലങ്കാന പൊലീസ് ഇപ്പോഴും. കമ്മീഷണര്‍ സജ്ജനാറാവട്ടെ എന്ത് നടപടിയും നേരിടാനുള്ള മാനസികാവസ്ഥയിലുമാണ്.തൊപ്പി തെറിച്ചാലും വേണ്ടില്ല കൊടും പാപികളെ ഇല്ലായ്മ ചെയ്യുമെന്ന കാക്കിയുടെ ഈ മനക്കരുത്തിനാണ് ജനങ്ങളിപ്പോള്‍ സല്യൂട്ട് ചെയ്യുന്നത്.
രാജ്യ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമാണ് പൊലീസ് വെടിവയ്പ്പ് ഒരു ആഘോഷമാകുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസുദ്യോഗസ്ഥരും തെലങ്കാന പൊലീസ് നടപടിക്കൊപ്പമാണ്. അവര്‍ പരസ്യമായി പ്രതികരിക്കുന്നില്ലങ്കിലും ഉള്ളില്‍ നിറഞ്ഞ പിന്തുണയുണ്ടെന്നത് വ്യക്തം.
സാധാരണ പൊലീസുദ്യോഗസ്ഥര്‍ എടുക്കാന്‍ മടിക്കുന്ന റിസ്‌ക്കാണ് ഇവിടെ കമ്മീഷണര്‍ സജ്ജനാര്‍ എടുത്തിരിക്കുന്നത്.
പ്രതികളുമായി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ സ്ഥലത്തേക്ക് പോയ പൊലീസ് ഉദ്യോഗസ്ഥരുടെ മാനസികാവസ്ഥയും ഇതു തന്നെയാണ്.
തങ്ങള്‍ പറയുന്ന കഥ വിശ്വാസയോഗ്യമായില്ലങ്കില്‍ നടപടി ഉറപ്പാണെന്ന കാര്യത്തില്‍ ഇവര്‍ക്കാര്‍ക്കും ഒരു സംശയവുമില്ല. എന്നിട്ടും അവര്‍ ആ കൃത്യം ഭംഗിയായി നിര്‍വ്വഹിച്ചു.
ജനങ്ങള്‍ വാരി വിതറിയ പൂക്കളില്‍ ഒന്ന് വാനിലിരുന്ന് കൊല്ലപ്പെട്ട ഡോക്ടറിട്ട പൂവാണെന്ന് വിശ്വസിക്കാനാണ് കാക്കിപ്പടക്ക് ഇപ്പോള്‍ താല്‍പ്പര്യം. ആ യുവതിയുടെ കണ്ണീര്‍ വീണ സ്ഥലത്ത് തന്നെ പ്രതികളുടെയും ചോര വീണതാണ് ഈ സംഭവത്തെ വ്യത്യസ്തമാക്കുന്നത്.
അലങ്കാരത്തിനായി കൊണ്ടുനടക്കാന്‍ ഉള്ളതല്ല, ജനോപകാരപ്രദമായി ഉപയോഗപ്പെടുത്താനുള്ളതു കൂടിയാണ് തോക്കെന്ന ആയുധം. അതാണ് ഇവിടെ തെലങ്കാന പൊലീസ് തെളിയിച്ചിരിക്കുന്നത്.പ്രതികള്‍ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടാണെങ്കിലും അല്ലങ്കിലും അവരുടെ മരണം ഈ നാട് ആഗ്രഹിച്ചത് തന്നെയാണ്.
തെലങ്കാന വെടിവയ്പിനെ എതിര്‍ക്കുന്നവര്‍ പ്രധാനമായും പറയുന്നത് പൊലീസ് ഇത് പിന്നീട് ദുരുപയോഗം ചെയ്യുമെന്നതാണ്. എന്നാല്‍ റിട്ടയര്‍ ചെയ്ത ഐ.പി.എസുകാര്‍ ഉള്‍പ്പെടെ പറയുന്നത് ഇത്തരം കേസുകളില്‍ വിചാരണ പെട്ടന്ന് പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കണമെന്നതാണ്.അങ്ങനെ വന്നാല്‍ ഇത്തരമൊരു റിസ്‌ക്ക് പൊലീസിനും എടുക്കേണ്ടി വരില്ലന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
നിരവധി പേരെ വെടിവെച്ച് കൊന്ന ഒരു ഐ.പി.എസ് ഓഫീസര്‍ നമ്മുടെ ഈ കൊച്ചു കേരളത്തിലുമുണ്ട്. കൊല്ലപ്പെട്ടവരെല്ലാം തീവ്രവാദികള്‍ ആണെന്ന് മാത്രം. എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാറാണ് ഈ ഐപിഎസ് ഓഫീസര്‍.
ജമ്മുകശ്മീര്‍ താഴ് വരയില്‍ കൊടും ഭീകരരെ വെടിവെച്ച് കൊന്ന് ഇന്ത്യന്‍ പൊലീസ് സേനക്ക് അഭിമാനമായ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
ലഷ്‌കര്‍ ഇ ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ജമ്മു കശ്മീരിലെ ഭീകര ഗ്രൂപ്പുകളിലെ നിരവധി പേരെ നേരിട്ടുള്ള ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ ഐ.പി.എസ്.ഓഫീസറാണ് കാളിരാജ് മഹേഷ് കുമാര്‍. വെടിയുണ്ടകള്‍ ഏറ്റ അഞ്ച് പരിക്കുകള്‍ ഉണ്ട് കാളിരാജിന്റെ ശരീരത്തില്‍. തമിഴ് നാട്ടിലായിരുന്നു വിദഗ്ദ ചികിത്സ. വന്‍ സുരക്ഷയാണ് ഈ കാലയളവില്‍ അവിടെ തമിഴ്‌നാട് പൊലീസ് ഒരുക്കിയിരുന്നത്.
ജമ്മു കശ്മീര്‍ കേഡറിലെ ഈ പൊരുതുന്ന ഐ.പി.എസ്‌കാരന്റെയും കുടുംബത്തിന്റെയും സുരക്ഷാ ഭീഷണി കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടാണ് കേരള കേഡറിലേക്ക് സ്ഥലം മാറ്റം നല്‍കിയിരുന്നത്.
കാളിരാജ് കൊന്ന് തള്ളിയത് ഭീകര ഗ്രൂപ്പിലെ പ്രധാനികളെ ആയതിനാല്‍ ഇപ്പോഴും സുരക്ഷാ ഭീഷണി ഉണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ എറണാകുളം റേയ്ഞ്ച് ഡിഐജിയായി അദ്ദേഹം പ്രവര്‍ത്തിച്ചു വരികയാണ്. ഒരു പോസ്റ്റിനോടും പ്രത്യേക താല്‍പ്പര്യമില്ലാത്ത കാളി രാജ് മഹേഷ്‌കുമാറിനെ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് ക്രമസമാധാന ചുമതലയില്‍ നിയമിച്ചിരുന്നത്.
Staff Reporter