കാളിരാജിനെതിരെ നടന്നത് ഗൂഢാലോചന, പുതിയ കമ്മീഷണറും കർക്കശക്കാരൻ

മുഖ്യമന്ത്രിക്കെതിരെയും സേനയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെയും ഫേസ് ബുക്ക് പോസ്റ്റിട്ട കൊല്ലം കമ്മീഷണര്‍ ഓഫീസ് ജീവനക്കാരനെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുകയാണ്. സമാനമായ നടപടി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരെ ഫെയ്സ് ബുക്ക് പോസ്റ്റിട്ട ക്രൈംബ്രാഞ്ചിലെ പൊലീസുകാരനെതിരെയും സ്വീകരിക്കണം. കാരണം, ഇത് ഗുരുതരമായ അച്ചടക്ക ലംഘനം മാത്രമല്ല, പിന്നില്‍ ഗൂഢാലോചന കൂടി ഉണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സേനയില്‍ ഭിന്നിപ്പുണ്ടാക്കി പൊതു സമൂഹത്തിനിടയില്‍ താറടിക്കാന്‍ ആരാണ് ക്വട്ടേഷന്‍ നല്‍കിയതെന്നത് പുറത്തു വരിക തന്നെ വേണം.

വ്യാജ പ്രചരണം നടത്തിയതിന് ഐ.പി.സി 409, അപകീര്‍ത്തിപ്പെടുത്തിയതിന് ഐ.പി.സി 500, പൊലീസ്ആക്ടിലെ 120 (ഒ) എന്നീ വകുപ്പുകള്‍ സാധാരണക്കാര്‍ക്ക് എതിരെ മാത്രമല്ല പൊലീസിലെ ഇത്തരം കുലം കുത്തികള്‍ക്കെതിരെയും സ്വീകരിക്കുക തന്നെ വേണം.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷര്‍ വളരെ കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥനായതിനാല്‍ അദ്ദേഹത്തെ പുകച്ച് പുറത്ത് ചാടിക്കാന്‍ കുറേ നാളായി സിറ്റിയിലെ പോലീസിലെ തന്നെ ഒരു വിഭാഗം ശ്രമിച്ച് വരികയാണ്.

മുന്‍പ് ഈ ഐ.പി.എസുകാരനെതിരെ മാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച പൊലീസുകാര്‍ തന്നെയാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ക്കും പിന്നിലെന്നാണ് സൂചന. നടപടി വെറും സസ്പെന്‍ഷനില്‍ ഒതുക്കാതെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണം.

ഹര്‍ത്താല്‍ ദിനത്തില്‍ മിഠായി തെരുവില്‍ നടന്ന ആക്രമണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ക്രൈംബ്രാഞ്ചിലെ പൊലീസുകാരന്‍ പരസ്യമായി കമ്മീഷണര്‍ക്കെതിരെ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടത്.

ആക്രമണം നിയന്ത്രിക്കാന്‍ കഴിയാതിരുന്നത് കമ്മീഷണറുടെ വീഴ്ചയാണെന്നായിരുന്നു ആരോപണം. സിറ്റിയിലെ പൊലീസ് വിന്യാസത്തെയും ഈ പൊലീസുകാരന്‍ വിമര്‍ശിച്ചിരുന്നു.

ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ 40 പൊലീസുകാരെ മിഠായിത്തെരുവില്‍ മാത്രം നിയോഗിക്കുകയും സംഘര്‍ഷമുണ്ടായപ്പോള്‍ കമ്മീഷണര്‍ തന്നെ നേരിട്ട് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കുകയും ചെയ്തിരുന്നു. ഈ യാഥാര്‍ത്ഥ്യം മറച്ചു വച്ചാണ് കമ്മീഷണര്‍ക്കെതിരെ പൊലീസുകാരന്‍ ആരോപണമുന്നയിച്ചത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ ഉണ്ടാകുമായിരുന്ന വലിയ ഏറ്റുമുട്ടല്‍ ഒഴിവാക്കിയത് തന്നെ കമ്മീഷണറുടെ അവസരോചിതമായ ഇടപെടലിന്റെ ഭാഗമായിരുന്നു.

ശബരിമലയിലേക്കും കാസര്‍ഗോഡേക്കും വലിയ രൂപത്തില്‍ പൊലീസിനെ വിന്യസിക്കേണ്ടി വന്നിട്ടും പരിമിതിക്കുള്ളില്‍ നിന്നും ആക്രമണം അമര്‍ച്ച ചെയ്യാന്‍ പ്രവര്‍ത്തിച്ച കമ്മീഷണര്‍ അടക്കമുള്ള പൊലീസുദ്യോഗസ്ഥരെയാണ് ഇവിടെ അപമാനിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. കടുത്ത അച്ചടക്കമുള്ള സേനയായ പൊലീസില്‍ ഒരു സാധാരണ പൊലീസുകാരന്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതിന് പിന്നില്‍ തീര്‍ച്ചയായും ബാഹ്യശക്തികള്‍ ഉണ്ടാകും. അക്കാര്യത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ സംശയങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.

പൊലീസുകാരന്റെ വിവാദ ഫെയ്സ് ബുക്ക് പോസ്റ്റ് വാര്‍ത്തയാക്കിയ മാധ്യമങ്ങളാകട്ടെ കമ്മീഷണര്‍ക്കെതിരെ പൊലീസുദ്യോഗസ്ഥന്‍ രംഗത്ത് എന്ന തലക്കെട്ടോടെ വാര്‍ത്ത നല്‍കിയതും സേനക്ക് അകത്ത് തെറ്റിധാരണ പടര്‍ത്താന്‍ കാരണമായിട്ടുണ്ട്.

കമ്മീഷണര്‍ സ്വന്തം സുരക്ഷക്ക് സ്ട്രൈക്കിങ് ഫോഴ്സിനെ കൊണ്ടു നടക്കുകയാണെന്ന പ്രചരണവും ഈ കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം പടച്ചു വിട്ടു. കമ്മീഷണറുടെ സുരക്ഷക്ക് വേണ്ടി മാത്രമല്ല, അടിയന്തര ഘട്ടങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെട്ടവരാണ് ഈ ഫോഴ്സ്. പ്രളയകാലത്ത് പ്രശംസനീയമായ പ്രവര്‍ത്തനമാണ് സ്ട്രൈക്കിങ് ഫോഴ്സ് നടത്തിയിരുന്നത്.

ഇനി കമ്മീഷണര്‍ കാളിരാജ് മഹേഷറിന്റെ സുരക്ഷക്ക് വേണ്ടി മാത്രമാണ് ഇവര്‍ നിയോഗിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ തന്നെ അതില്‍ എന്താണ് തെറ്റ് ? കശ്മീര്‍ ഭീകരരുടെ വധഭീഷണി നേരിടുന്ന ഉദ്യോഗസ്ഥനാണ് കാളിരാജ്.

കോഴിക്കോട് ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രോശത്താല്‍ പോലും വിറച്ചവര്‍ പഠിക്കണം കാളി രാജ് മഹേഷര്‍ എന്ന ഐ.പി.എസുകാരനെ. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിനെ രാജ്യം തന്നെ പലവട്ടം ആദരിച്ചതാണ്. ജമ്മു-കശ്മീര്‍ കേഡര്‍ ഐ.പി.എസുകാരനായ കാളിരാജ് മഹേഷര്‍ എ.എസ്.പി ആയിരുന്ന ഘട്ടത്തില്‍ തന്നെ നിരവധി ഭീകരവിരുദ്ധ ഓപ്പറേഷനില്‍ പങ്കെടുത്ത ഉദ്യോഗസ്ഥനാണ്.

ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകര ഗ്രൂപ്പുകളിലെ നിരവധി പേരെ നേരിട്ട് ഏറ്റുമുട്ടി കൊലപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ബുള്ളറ്റ് ഇഞ്ചുറിയുണ്ട് ഈ യുവ ഐ.പി.എസുകാരന്റെ ദേഹത്ത്. 2008ല്‍ ആയിരുന്നു ആദ്യമായി ശരീരത്തില്‍ വെടിയേറ്റത്. കാളിരാജ് മഹേഷറിന് പോലീസിംഗ് അറിയില്ലെന്ന് പറയുന്നവന്‍ സ്വപ്‌നത്തില്‍ പോലും ഇത്തരം രംഗങ്ങള്‍ കണ്ടിട്ടുണ്ടാകില്ല.

കാളിരാജിന്റെ പരുക്ക് സംബന്ധമായ തുടര്‍ ചികിത്സയെല്ലാം തമിഴ് നാട്ടിലായിരുന്നു. വന്‍ സുരക്ഷയാണ് തമിഴകത്ത് ഈ കാലയളവില്‍ അദ്ദേഹത്തിന് തമിഴക പൊലീസ് ഒരുക്കിയിരുന്നത്. നിരവധി പൊലീസ് മെഡലുകള്‍ തന്റെ ചുരുങ്ങിയ സര്‍വ്വീസ് കാലം കൊണ്ട് തന്നെ കാളിരാജ് സ്വന്തമാക്കിയിരുന്നു.

ഭീകരരെ കൊന്ന് തള്ളിയ കാളിരാജ് മഹേഷറിനും കുടുംബത്തിനും വലിയ ഭീഷണി ഉയര്‍ന്ന ഘട്ടത്തിലാണ് ഈ ഐ.പി.എസുകാരന്റെ സുരക്ഷയെ കരുതി കേരളത്തിലേക്ക് കേന്ദ്രം ഇടപെട്ട് സ്ഥലം മാറ്റം നല്‍കിയത്.

പിന്നീട് കേരളത്തിലെത്തിയ കാളിരാജ് പോസ്റ്റിനും വേണ്ടി ആരുടെയും കാല് പിടിച്ചിരുന്നില്ല. ഡിപ്പാര്‍ട്ട്‌മെന്റ് താല്‍പ്പര്യമെടുത്താണ് കോഴിക്കോട് കമ്മീഷണറായി നിയമനം നല്‍കിയിരുന്നത്.

നിയമ ലംഘകര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുക മാത്രമല്ല സേനക്കകത്തെ തെറ്റായ പ്രവണതകളെ വകവെച്ച് കൊടുക്കുകയും ചെയ്യാതിരുന്നതിനാല്‍ ചാര്‍ജ്ജെടുത്ത് അന്ന് മുതല്‍ പൊലീസിലെ നേതാക്കള്‍ ചമയുന്നവരുടെ കണ്ണിലെ കരടായിരുന്നു കാളിരാജ്.

2005 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ കാളിരാജ് മഹേഷറുടെ സുരക്ഷയും, മക്കളെ പൊലീസ് വാഹനത്തില്‍ സ്‌കൂളില്‍ കൊണ്ടു വിടുന്നതും മറ്റും ചൂണ്ടിക്കാട്ടി ദാസ്യപ്പണി ആരോപിച്ചാണ് പ്രമുഖ മാധ്യമങ്ങളില്‍ ഇക്കൂട്ടര്‍ ആദ്യം വാര്‍ത്ത പ്രചരിപ്പിച്ചത്. എന്നാല്‍ വാര്‍ത്തകള്‍ കണ്ട് മാത്രം നിലപാടുകള്‍ സ്വീകരിക്കുന്ന സര്‍ക്കാര്‍ അല്ലാത്തതിനാല്‍ കുലംകുത്തികളുടെ നീക്കം തുടക്കത്തില്‍ തന്നെ പാളുകയായിരുന്നു.

കശ്മീര്‍ തീവ്രവാദികളുമായി ബന്ധമുള്ള ഐ.എസ് ഉള്‍പ്പെടെ വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കേരളത്തിലും സാന്നിധ്യമുണ്ടെന്നിരിക്കെ കാളിരാജ് മഹേഷറുടെയും കുടുംബത്തിന്റെയും സുരക്ഷ തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തെ ഗൗരവത്തോടെയാണ് ഐ.പി.എസ് ഉന്നതരും കാണുന്നത്.

അച്ചടക്കമുള്ള സേനയായ പൊലീസ് സംവിധാനത്തില്‍ ഇപ്പോള്‍ നടക്കുന്ന അച്ചടക്കമില്ലായ്മയെ പ്രോത്സാഹിപ്പിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍വ്വീസില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള കാളിരാജ് മഹേഷറിന് ഹര്‍ത്താല്‍ അനുകൂലികള്‍ ബഹളം വെച്ച് പ്രശ്നം ഉണ്ടാക്കിയപ്പോള്‍ കൈകാര്യം ചെയ്യാന്‍ പറ്റിയില്ലെന്ന് പറഞ്ഞാല്‍ അത് പരിഹാസ്യമാണ്. പൊലീസുകാരന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനു പിന്നില്‍ മറഞ്ഞിരിക്കുന്ന കാക്കി പ്രമാണിമാര്‍ അക്കാര്യം ഓര്‍ക്കുന്നതും നല്ലതാണ്. വര്‍ഗ്ഗ വഞ്ചനയാണ് നിങ്ങള്‍ കാണിച്ചത്. ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ള പൊലീസ് സേനയില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നത് എന്തിനു വേണ്ടിയാണ് ?

നേതാവ് ചമഞ്ഞ് പൊലീസിനെ ഭരിക്കാന്‍ കാക്കിയിട്ടവന്‍ ശ്രമിച്ചാല്‍ അത് വകവെച്ച് തരാത്തതാണോ കമ്മീഷണര്‍ ചെയ്ത തെറ്റ് ?

ഇവിടെ പൊലീസിനെ ഭരിക്കാന്‍ കമ്മീഷണര്‍ ഉണ്ട് മറ്റ് ഉന്നത ഐ.പി.എസുകാരുണ്ട്. എല്ലാറ്റിനും മീതെ ഒരു സര്‍ക്കാറുണ്ട് മുഖ്യമന്ത്രിയുണ്ട് അതിനു മീതെ പറക്കാന്‍ ആരും തന്നെ ശ്രമിക്കരുത്.

ഡി.ഐ.ജിയായി ഉദ്യോഗക്കയറ്റം ലഭിക്കുന്നതോടെ കളിരാജ് മഹേഷര്‍ കമ്മീഷണര്‍ സ്ഥാനത്ത് നിന്നും മാറുമെന്ന് പ്രതീക്ഷിച്ച പൊലീസിലെ ശകുനികള്‍ക്ക് സര്‍ക്കാര്‍ കമ്മീഷണര്‍ തസ്തിക ഡി.ഐ.ജി തസ്തികയാക്കി മാറ്റിയത് അപ്രതീക്ഷിതമായിരുന്നു.

ഇതോടെ കാളിരാജിനെ പുകച്ച് പുറത്ത് ചാടിക്കാന്‍ അവസരം നോക്കി നിന്നവരാണ് ഇപ്പോള്‍ ഹര്‍ത്താല്‍ ഒരു ആയുധമാക്കി സ്ഥലം മാറ്റാന്‍ ഇടപെടല്‍ നടത്തിയത്.

ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സ്ഥലം മാറ്റ ഉത്തരവില്‍ കാളിരാജിനെ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും സംസ്ഥാനം മൊത്തം അധികാര പരിധിയുള്ള ഹെഡ് കോട്ടേഴ്‌സ് ഡിഐജിയായാണ് നിയമനം നല്‍കിയിരിക്കുന്നത്.

പുതിയ കമ്മീഷണർ സഞ്ജയ് കുമാർ ഗരുഡിനും കാളി രാജിനെ പോലെ കർക്കശക്കാരനായ ഉദ്യോഗസ്ഥനാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളും ഒരേ ബാച്ചുകാരുമാണ്.

Top