കാളിരാജിനു പകരം വന്നതും ‘ടൈഗർ’ പണി പാളിയത് ആളാവാൻ ശ്രമിച്ചവർക്ക്

കോഴിക്കോട് പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും കാളിരാജ് മഹേഷ് കുമാര്‍ മാറണമെന്ന് ആഗ്രഹിച്ച് പ്രവര്‍ത്തിച്ചവര്‍ക്ക് കനത്ത തിരിച്ചടി.

ഇപ്പോള്‍ പുതിയ കമ്മീഷണറായി സര്‍ക്കാര്‍ നിയമിച്ച സഞ്ജയ് കുമാര്‍ ഗരുഡും കര്‍ക്കശ നിലപാടുകളുടെ കാര്യത്തില്‍ വിറപ്പിച്ച ഉദ്യോഗസ്ഥനാണ്.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഉടനെ കണ്ണൂര്‍ എസ്.പിയായി നിയമിതനായ സഞ്ജയ് അവിടെ സ്വീകരിച്ച കര്‍ക്കശ നിലപാടുകള്‍ സി.പി.എം ജില്ലാ സെക്രട്ടറിയുടെ പൊലീസ് സ്റ്റേഷന്‍ ധര്‍ണ്ണയിലാണ് കലാശിച്ചത്.

ആര്‍.എസ്.എസുമായി നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ ഇരു വിഭാഗത്തോടും പൊലീസ് ഒരേ നിലപാട് സ്വീകരിച്ചത് സി.പി.എം നേതാക്കളെ സംബന്ധിച്ചും അണികളെ സംബന്ധിച്ചും ദഹിക്കുന്ന കാര്യമായിരുന്നില്ല.

ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാതെ പ്രതികളെ പ്രതികളായി കണ്ടു തന്നെ പൊലീസ് വേട്ട തുടര്‍ന്നപ്പോള്‍ സഞ്ജയിന് സ്ഥാനം തെറിച്ചു. കണ്ണൂര്‍ കെ.എ.പി ബറ്റാലിയന്‍ കമാണ്ടന്റായിട്ടായിരുന്നു നിയമനം.

എന്നാല്‍ ഒരു ഐ.പി.എസുകാരന്‍ എന്ന നിലയില്‍ ഇദ്ദേഹത്തിന് ക്രമസമാധാന രംഗത്തുള്ള മികച്ച ട്രാക്ക് റെക്കോര്‍ഡാണ് വീണ്ടും കോഴിക്കോട് എത്തിച്ചിരിക്കുന്നത്.

പൊലീസ് ഭരണത്തില്‍ പൊലിസ് അസോസിയേഷന്‍ നടത്തുന്ന ഇടപെടലുകള്‍ കണ്ണൂരില്‍ അവസാനിപ്പിച്ച സഞ്ജയ് കോഴിക്കോട്ടും ആ പാത പിന്തുടരുന്നത് ഭാരവാഹികള്‍ക്ക് തിരിച്ചടിയാകും.

കാളിരാജ് മഹേഷ് കുമാറിനെതിരെ പൊലീസ് അസോസിയേഷനിലെ ചിലരും ചില ഉദ്യോഗസ്ഥരും സംഘടിതമായാണ് പ്രവര്‍ത്തിച്ചിരുന്നത്. കമ്മീഷണര്‍ക്കെതിരെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടത് പോലും ഈ വിഭാഗത്തിന്റെ പിന്തുണയിലാണെന്നും ആരോപണമുയര്‍ന്നിരുന്നു. ഇക്കൂട്ടരുടെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതാണ് പുതിയ കമ്മീഷണറുടെ വരവ്.

കാളിരാജും സഞ്ജയും ഒരേ ബാച്ചിലെ ഐ.പി.എസുകാര്‍ മാത്രമല്ല, അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. വിട്ടുവീഴ്ചയുടെ കാര്യത്തില്‍ ഇരുവര്‍ക്കും സമാനമായ നിലപാടാണ് ഉള്ളത്.

അതായത് മര്യാദക്ക് ജോലി ചെയ്യാതെ ഓവര്‍ സ്മാര്‍ട്ട് ആവാന്‍ ശ്രമിച്ചാല്‍ കീഴുദ്യോഗസ്ഥരായാലും പണി വാങ്ങുമെന്ന് ഉറപ്പ്.

Top