തിരുവനന്തപുരം: കളിയക്കാവിളയില്‍ എഎസ്‌ഐ വിന്‍സനെ കൊലപ്പെടുത്തിയത് സംഘാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ്. അതേസമയം പ്രതികളുടെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധത്തെ പറ്റി ഇനിയും അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രീനാഥ് പറഞ്ഞു.
കളിയിക്കാവിള തിരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായതിനാലാണെന്നും പ്രതികൾ വെളിപ്പെടുത്തി. കൊലപാതകത്തിനായി പ്രതികള്‍ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.
മുഖ്യ പ്രതികളായ അബ്ദുൾ ഷമീമും, തൗഫീഖും തീവ്ര വർഗീയ സംഘടനയിലെ അംഗങ്ങളെന്ന പൊലീസ് നിഗമനം ശരിവയ്ക്കുന്നതാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. സംഘടനയുടെ ആശയം പ്രചരിപ്പിക്കാൻ നടത്തിയ അസൂത്രിത കൊലപാതകമെന്ന് ഇരുവരും സമ്മതിച്ചു.
അതേസമയം ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂന്ന് ദിവസത്തേക്ക് റിമാന്റ് ചെയ്തു. തിങ്കളാഴ്ച കുഴിതുറ കോടതിയില്‍ ഹാജരാക്കണമെന്നും മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചു.കുഴിതുറ ജുഡീഷ്യല്‍ മജിസ്ട്രേററ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം ഇരുവരെയും പാളയംകൊട്ട ജയിലിലേക്ക് മാറ്റി. ഇവരെ തിങ്കളാഴ്ചയോടെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം.
ഐഎസില്‍ ചേര്‍ന്ന മെഹബൂബ് പാഷയാണ് ഇവര്‍ ഉള്‍പ്പെട്ട 17 അംഗ സംഘത്തിന്റെ തലവന്‍ എന്ന് കര്‍ണാടക പൊലീസ് പറയുന്നത്. നിരോധിത സംഘടനയായ സിമിയുമായും മഹബൂബ് പാഷ ബന്ധപ്പെട്ടിരുന്നതായും എഫ്ഐആറിലുണ്ട്. അതിനാല്‍ തമിഴ്നാട് പൊലീസിന്റെ കമാന്‍ഡോകളെ അടക്കം തക്കല പൊലീസ് സ്റ്റേഷനില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുകയാണ്.