കളിയിക്കാവിള കേസ്; പ്രതികളുടെ തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന കുറിപ്പുകള്‍ കണ്ടെടുത്തു

തിരുവനന്തപുരം: കളിയിക്കാവിള എഎസ്‌ഐ വിന്‍സെന്റിനെ കൊലപ്പെടുത്തിയ പ്രതികളുടെ തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന കുറിപ്പുകള്‍ കണ്ടെടുത്തു. പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ ഉപേക്ഷിച്ച ബാഗില്‍ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. തീവ്രവാദ സംഘടനയായ ഐ. എസ് എന്ന് കുറിപ്പില്‍ എഴുതിയിട്ടുണ്ട്. തീവ്രവാദ ബന്ധം ആരോപിച്ച് ബെംഗളൂരുവില്‍ പിടിയിലായവരുടെ പേരും കുറിപ്പിലുണ്ട്. കുറിപ്പിന്റെ നിജസ്ഥിതി അന്വേഷിക്കുന്നതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു.

അതേസമയം എഎസ്‌ഐയെ കുത്താന്‍ ഉപയോഗിച്ച കത്തി തമ്പാനൂരില്‍ നിന്നും കണ്ടെടുത്തിരുന്നു. ഒളിവില്‍ പോകുന്നതിന് മുമ്പ് ഉപേക്ഷിച്ച കത്തിയാണ് പൊലീസ് കണ്ടെത്തിയത്. തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ നിന്നാണ് കത്തി ലഭിച്ചത്.

പ്രതികള്‍ വില്‍സണെ വെടിവച്ച് കൊല്ലാനുപയോഗിച്ച തോക്ക് പൊലീസ് ഇന്നലെ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഓടയില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്. സൈനികര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കാണ് കണ്ടെത്തിയത്.

കത്തി വാങ്ങിയ ബാലരാമപുരത്തെ കടയിലും കൊലക്ക് മുമ്പ് ഇവര്‍ സഞ്ചരിച്ച വിതുര , നെയ്യാറ്റിന്‍കര പ്രദേശങ്ങളിലും പ്രതികളെ എത്തിച്ച് തെളിവെടുത്തു. ഇതോടെ തീവ്രവാദ ബന്ധം സംശയിക്കുന്ന കേസിന്റെ അന്വേഷണം കൂടുതലും കേരളം കേന്ദ്രീകരിച്ചാണ് നടക്കുന്നത്.

Top