തിരുവനന്തപുരം: കളിയിക്കാവിളയില്‍ തമിഴ്നാട് എ.എസ്.ഐ വിന്‍സെന്റിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഇജാസ് പാഷയാണ് പ്രതികള്‍ക്ക് തോക്ക് എത്തിച്ചുനല്‍കിയതെന്ന് പൊലീസ്. ഇയാളെ തമിഴ്നാട് പോലീസിന്റെ ക്യൂ ബ്രാഞ്ച് കൂടുതല്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
ബെംഗലൂരുവില്‍ തിങ്കളാഴ്ച രാവിലെയാണ് ഇജാസ് പാഷയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ക്യൂ ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ക്ക് തോക്ക് കൈമാറിയത് ഇജാസ് പാഷയാണെന്ന് വ്യക്തമായത്. മുംബൈയില്‍നിന്നെത്തിച്ച തോക്ക് ബെംഗലൂരുവില്‍ വെച്ച് പ്രതികളില്‍ ഒരാളായ തൗഫീഖിന് കൈമാറുകയായിരുന്നു എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.
തീവ്രവാദ സംഘടനയായ അല്‍ ഉമ്മയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നത്. ഇവരില്‍ ഒരാളാണ് ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇജാസ് പാഷ.
അതേസമയം എഎസ്‌ഐയുടെ കൊലപാതകം ആസൂത്രിതമാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതിനിടെ, മുഖ്യപ്രതികളായ തൗഫീഖിനും അബ്ദുള്‍ ഷമീമിനുമായുളള തെരച്ചില്‍ തമിഴ്നാട് ക്യൂ ബ്രാഞ്ചും കേരള പൊലീസും ഊര്‍ജ്ജിതമാക്കി. ഇവരുടെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള പോലീസും തമിഴ്‌നാട് പോലീസും സംയുക്തമായിട്ടാണ് കേസില്‍ അന്വേഷണം നടത്തുന്നത്.