ഹൈദരാബാദ് : പ്രഭാസ് നായകനായി ഒപ്പം അഭിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍ എന്നിവര്‍ അഭിനയിക്കുന്ന ബിഗ്ബജറ്റ് ചിത്രം കല്‍കി 2898 എഡി എന്ന ചിത്രം അടുത്തിടെയാണ് അമേരിക്കയിലെ സാന്റിയാഗോയിലെ കോമിക് കോണില്‍ അവതരിപ്പിച്ചത്. ഈ അന്തര്‍ദേശീയ വേദിയില്‍ പ്രഖ്യാപിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരുന്നു കല്‍കി 2898 എഡി. രണ്ട് ഭാഗമായി ചിത്രം റിലീസ് ചെയ്യും എന്നാണ് വിവരം.
അതേ സമയം ചിത്രത്തിന്റെ ആദ്യഭാഗം നേരത്തെ നിശ്ചയിച്ച ഡേറ്റില്‍ പുറത്തിറങ്ങില്ലെന്നാണ് വിവരം. നേരത്തെ കല്‍കി 2898 എഡി ആദ്യ പാര്‍ട്ട് ജനുവരി 12 2024ന് പുറത്തിറങ്ങും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ഡേറ്റ് 2024 മെയ് മാസത്തിലേക്ക് മാറ്റിയെന്നാണ് വിവരം. 2024 ജനുവരി സംക്രാന്തി, പൊങ്കല്‍ അവധി കണക്കിലെടുത്തായിരുന്നു റിലീസ് വച്ചിരുന്നത്.
എന്നാൽ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് അടക്കം ലഭിച്ച പ്രതികരണങ്ങൾ വൈറലായതോടെ ചിത്രത്തിന്റെ അണിയറക്കാര്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം തന്നെ ചിത്രത്തിന്റെ വിഎഫ്എക്‌സ് ജോലികൾ ഇനിയും ബാക്കിയുള്ളതിനാൽ ചിത്രം മാസങ്ങളോളം നീണ്ടു പോയേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇന്ത്യ ടുഡേയിലെ ഒരു റിപ്പോർട്ട് ഇത് സ്ഥിരീകരിക്കുന്നുണ്ട് “തെലുങ്ക് സിനിമ വൃത്തങ്ങളില്‍ നിന്നുള്ള വിവരം അനുസരിച്ച് ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ വൈജയന്തി മൂവീസിന്റെ അശ്വിനി ദത്ത്, മെയ് 9 തിയതി റിലീസിനായി തെരഞ്ഞെടുത്തുവെന്നാണ് വിവരം.വൈജയന്തി മൂവീസിന്റെ വന്‍ ഹിറ്റുകളായ ‘ജഗദേക വീരുഡു അതിലോക സുന്ദരി’, ‘മഹാനടി’ എന്നീ ചിത്രങ്ങൾ ഇതേ ദിവസമാണ് റിലീസായത്. ഇവ സൂപ്പർഹിറ്റുകളായി മാറുകയും ചെയ്തിട്ടുണ്ട്. ഈ ഭാഗ്യദിനം കൂടി കണ്ടാണ് ഇത്തരം ഒരു നീക്കം” -റിപ്പോര്‍ട്ട് പറയുന്നു.
നാഗ് അശ്വിനാണ് കല്‍കി 2898 എഡി സംവിധാനം ചെയ്യുന്നത്. 600 കോടി രൂപയാണ് കല്‍കിയുടെ ബജറ്റ്. നാഗ് അശ്വിൻ തന്നെയാണ് തിരക്കഥയും. ചിത്രത്തിന്റെ ഗ്ലിംസും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു ഹോളിവുഡ് ടെച്ചോടെയാണ് ചിത്രം എത്തുന്നത്. ദീപിക പാദുകോണ്‍, പശുപതി എന്നിവരെ ഈ ദൃശ്യങ്ങളില്‍ കാണാം. സൂപ്പര്‍ഹീറോ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്.
ഹിന്ദു പുരാണം അനുസരിച്ച് വിഷ്ണുവിന്റെ പത്താമത്തെ അവതാരമാണ് കല്‍കി. ആ കല്‍കിയുടെ അവതാരത്തെ ഒരു ഫ്യൂച്ചറിസ്റ്റിക് രീതിയില്‍ സമീപിച്ചിരിക്കുകയാണ് ചിത്രത്തില്‍ എന്നാണ് സൂചന. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് സംഗീതം നല്‍കുന്നത്.