കല്ലട ബസിലെ പീഡനശ്രമം ; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി

മലപ്പുറം: കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം നടന്ന സംഭവത്തില്‍ കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ബസിലെ രണ്ടാം ഡ്രൈവറായ കോട്ടയം സ്വദേശി ജോണ്‍സണ്‍ ജോസഫിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ സംസ്ഥാനത്തിന് നിയമപരമായ പരിമിതികളുണ്ട്. മറ്റ് ചട്ടലംഖനങ്ങളില്‍ നിയമപരമായ നടപടികള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.

ബസില്‍ വെച്ച് ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ കല്ലട ബസ് പൊലീസ് പിടിച്ചെടുത്തു. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോയ സ്ലീപ്പര്‍ ബസില്‍ യാത്ര ചെയ്തിരുന്ന തമിഴ്‌നാട്ടുകാരി യുവതിയുടെ പരാതിയിലാണ് നടപടി. സ്ത്രീ ഇരുന്ന സീറ്റില്‍ എത്തി ഡ്രൈവര്‍ ജോണ്‍സണ്‍ ജോസഫ് കടന്ന് പിടിച്ചുവെന്ന് സ്ത്രീ തേഞ്ഞിപ്പാലം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ബസ് കോഴിക്കോട്ട് എത്തിയപ്പോഴാണ് പീഡനശ്രമം നടന്നത്. യാത്രക്കാരാണ് പ്രതിയെ പിടികൂടി പോലീസിനു കൈമാറിയത്. ബസ് മലപ്പുറം തേഞ്ഞിപ്പാലം പോലീസ് പിടിച്ചെടുത്തു.

നേരത്തെ ബസിലെ യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഏറെ ആരോപണം നേരിട്ട സുരേഷ് കല്ലട ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തശേഷം എറണാകുളം സബ് ജയിലിലേക്ക് മാറ്റിയിരുന്നു.

Top