തിരുവനന്തപുരം: കല്ലട ബസിലെ യാത്രക്കാരെ വഴിമധ്യേ മര്‍ദ്ദിച്ച് ഇറക്കി വിട്ട സംഭവത്തില്‍ ജനരോക്ഷം ശക്തമായതോടെ സംസ്ഥാനത്തെ സ്വകാര്യബസ് ലോബികള്‍ക്ക് മേല്‍ നിയന്ത്രണം ശക്തമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍.
സംഭവത്തില്‍ ശക്തമായ നടപടികളെടുക്കുമെന്നും അക്രമത്തിനിരയായവരുമായി സംസാരിച്ചുവെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം നടപടി സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചിരുന്നു. അതീവ ഗൗരവത്തോടെയാണ് പൊലീസ് ഇക്കാര്യം കാണുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കര്‍ശന നടപടിയെടുക്കാന്‍ ഗതാഗതവകുപ്പ് കമ്മീഷ്ണറും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
അതേസമയം സുരേഷ് കല്ലട ബസിലെ ജീവനക്കാരായ ജയേഷ് , ജിതിന്‍ എന്നിവരെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാരോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഉടന്‍ തന്നെ ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മറ്റൊരു ജീവനക്കാരനായ ഹരിലാലിനോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കല്ലട സുരേഷ് ബസിന്റെ മാനേജരെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് അറിയിച്ചിരുന്നു.