കൊച്ചി: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനത്തിനായി കലൂര്‍ സ്റ്റേഡിയം വിട്ടുകൊടുത്ത തീരുമാനം പരിശോധിക്കുമെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍. മത്സരം നടത്താന്‍ സ്റ്റേഡിയം നല്‍കുമോയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ചോദിച്ചുവെന്നും ആ സമയത്ത് ഫുട്ബോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യം കെ.സി.എയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും മോഹനന്‍ വ്യക്തമാക്കി.
ഇന്ത്യ-വെസ്റ്റിന്‍ഡീസ് അന്താരാഷ്ട മത്സരം സംഘടിപ്പിക്കുന്നതിനായി സ്റ്റേഡിയം നല്‍കുമോയെന്ന് കെസിഎ ചോദിച്ചിരുന്നു. നിലവില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടന്നു കൊണ്ടിക്കുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഫുട്‌ബോളും ക്രിക്കറ്റും ഒന്നിച്ച് നടത്താന്‍ സംവിധാനമുണ്ടെന്ന് കെസിഎ പറഞ്ഞിരുന്നു. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലായി പിച്ച് തയ്യാറാക്കും. അതിനു ശേഷം ഐ.എസ്.എല്‍ അധികൃതരുമായി സംസാരിച്ച ശേഷം ഒരു റീ ഷെഡ്യൂള്‍ തയ്യാറാക്കാമെന്നും സ്റ്റേഡിയത്തിന് മറ്റ് തകരാറുകള്‍ ഒന്നും ഉണ്ടാകില്ലെന്നുമാണ് കെ.സി.എ പറഞ്ഞതെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം പിച്ച് തയ്യാറാക്കുന്നതില്‍ തങ്ങള്‍ വിദഗ്ധരല്ലെന്നും അതിനാല്‍ മറ്റ് തകരാറുകള്‍ ഉണ്ടാവില്ലെങ്കില്‍ ആലോചിക്കാമെന്നും കെസിഎയോട് സൂചിപ്പിച്ചിരുന്നുവെന്ന് അദ്ദേഹ പറഞ്ഞു. എന്നാല്‍, ടര്‍ഫ് തിരിച്ച് തയ്യാറാക്കുമ്പോള്‍ വലിയ നഷ്ടം വരുമെന്നും അത് നശിക്കാന്‍ സാധ്യതയുണ്ടെന്നും ഫുട്‌ബോള്‍ രംഗത്തുള്ള പല പ്രമുഖരും ചൂണ്ടിക്കാണിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ തീരുമാനം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.