കല്‍പ്പറ്റ: സിപിഎം വയനാട് സെക്രട്ടറിക്കെതിരെ പരാതി നല്‍കിയ യുവാവിന് നേരെ മര്‍ദ്ദനം. വൈത്തിരി സ്വദേശി ജോണാണ് മര്‍ദ്ദനമേറ്റതായി പരാതി നല്‍കിയത്. വാഹനം മാറ്റിയിട്ടതുമായി ബന്ധപ്പെട്ട് മനപ്പൂര്‍വ്വം പ്രശ്‌നമുണ്ടാക്കി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.
ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ മകന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം എന്നാണ് ജോണിന്റെ പരാതി. വൈത്തിരി പഞ്ചായത്തംഗം എല്‍സിയും സിപിഎം പ്രവര്‍ത്തകരും സംഘത്തില്‍ ഉണ്ടായിരുന്നു എന്നും ജോണ്‍ പറയുന്നു.
വാഹനം മാറ്റിയിട്ടതുമായി ബന്ധപ്പെട്ട് മനപ്പൂര്‍വം തര്‍ക്കം ഉണ്ടാക്കുകയായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. ജോണ്‍ ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം ജോണിനെതിരെ പഞ്ചായത്തംഗം എല്‍സിയും പരാതി നല്‍കിയിട്ടുണ്ട്. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സക്കീനയുടെ മരണത്തില്‍ പി. ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഇയാള്‍ വയനാട് എസ്പിക്ക് പരാതി നല്‍കിയിരുന്നു.
ഭാര്യയുടെ മരണം കൊലപാതകമാണെന്നു കരുതുന്നതായും അയല്‍വാസികളായ നാല് പേരെ സംശയമുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇവരുടെ വിവരങ്ങളും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വൈത്തിരി പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു.