ഈറോഡ്: ജിഎസ്ടിക്കും തമിഴ് നാട്ടില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമങ്ങള്‍ക്കെതിരേയും ആഞ്ഞടിച്ച് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനപര്യടനം നടത്തുകയാണ് കമല്‍ ഹാസന്‍. ഇതിനിടെ ഈറോഡിലെ പൊതു യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നോട്ട്‌നിരോധനവും ജിഎസ്ടിയും കൊണ്ടുവന്ന മോദി സര്‍ക്കാരിനേയും കമല്‍ഹാസന്‍ യോഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിച്ച ജി.എസ്.ടി കുപ്പത്തൊട്ടിയിലെറിയണമെന്നും ഇത് നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്നും കമല്‍ വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ രാഹുല്‍ഗാന്ധിയുടെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം തമിഴ്‌നാട്ടിലെ ക്രമസമാധാനനില താറുമാറായിരിക്കുകയാണെന്നും, സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെന്നൈയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കോളേജ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവം മുന്‍നിര്‍ത്തിയാണ് തമിഴ്‌നാട്ടില്‍ സ്ത്രീകളുടെ നേരെ വര്‍ധിച്ചുവരുന്ന മോശം പെരുമാറ്റത്തെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും കമല്‍ഹാസന്‍ പരാമര്‍ശിച്ചത്. പൊതുനിരത്തുകളില്‍ പോലും സ്ത്രീകള്‍ അപമാനിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. സ്ത്രീ സുരക്ഷ സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്രിസ്ത്യന്‍ മിഷനറിമാരില്‍ നിന്ന് തനിക്ക് പണം ലഭിക്കുന്നുണ്ടെന്ന ആരോപണം കമല്‍ഹാസന്‍ തള്ളി. അത്തരം ആരോപണങ്ങളെ ചിരിച്ചുതള്ളാന്‍ മാത്രമേ കഴിയൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാവേരി വിഷയത്തില്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമല്‍ഹാസന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ പ്രതിമ തകര്‍ക്കപ്പെട്ട സംഭവങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നും കമല്‍ഹാസന്‍ ആവര്‍ത്തിച്ചു.