തൂത്തുക്കുടി : തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ ചെമ്പുസംസ്‌കരണ യൂണിറ്റുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് 47 ദിവസമായി പ്രദേശവാസികള്‍ നടത്തിവരുന്ന സമരത്തിന ഐക്യദാര്‍ഢ്യം പ്രഖാപിച്ച് സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത്. സമരത്തെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് രജനികാന്ത് ട്വീറ്ററില്‍ കുറിച്ചു.
പ്ലാന്റിന് ആരാണ് അനുമതി നല്‍കിയതെന്നും ഒരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനും കഴിഞ്ഞ ദിവസം സമരസ്ഥലത്ത് പിന്തുണയുമായി എത്തിയിരുന്നു. മറ്റൊരു ഭോപ്പാല്‍ ആവര്‍ത്തിക്കാതിരിക്കണമെന്നും പ്ലാന്റ് അടച്ചുപൂട്ടണമെന്നും കമല്‍ ആവശ്യപ്പെട്ടിരുന്നു. പ്ലാന്റിനെതിരെ ഒരു വിഭാഗം ഗ്രാമീണര്‍ നിരാഹാരസമരത്തിലാണ്. പ്രദേശത്തുള്ള ഐടിഐയിലെയും വിവിധ കോളജുകളിലെയും വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചാണ് പ്രക്ഷോഭത്തില്‍ അണിനിരക്കുന്നത്. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. തൂത്തുക്കുടിയിലെ കുമാര റെഡ്ഡിയാര്‍പുരത്താണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.
പ്ലാന്റില്‍നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങള്‍ കൃഷിയെ ബാധിക്കുന്നുവെന്നും വെള്ളവും വായുവും മലിനമാക്കുന്നുവെന്നും സമരക്കാര്‍ ആരോപിക്കുന്നു. പലരും ശ്വാസകോശരോഗങ്ങളും ചര്‍മരോഗങ്ങളും പിടിപെട്ട് ചികിത്സ തേടുന്നുണ്ട്. സര്‍ക്കാരും മലിനീകരണനിയന്ത്രണ ബോര്‍ഡും മുറവിളികള്‍ക്കുനേരെ മുഖംതിരിക്കുകയാണെന്നും സമരക്കാര്‍ ആരോപിച്ചു.