ലക്ഷ്യം തമിഴ്നാടിന്റെ പുരോഗതിയാണ്, പളനിസാമിക്ക് എതിരെ ആഞ്ഞടിച്ച് വീണ്ടും കമല്‍ഹാസന്‍

kamal

ചെന്നൈ: രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്കിടെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചലച്ചിത്രതാരം കമല്‍ഹാസന്‍ വീണ്ടും രംഗത്ത്.

സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ കുറ്റകൃത്യങ്ങളും അഴിമതിയും വര്‍ധിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയാണ് താരത്തിന്റെ വിമര്‍ശനം.

‘ദുരന്തങ്ങളും അഴിമതിയും രൂക്ഷമാകുമ്പോള്‍ സംസ്ഥാന ഭരണം കയ്യാളുന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാകും. എന്നിട്ടും തമിഴ്നാട്ടില്‍ ഒരു പാര്‍ട്ടി പോലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നില്ല. കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു’- കമല്‍ഹാസന്‍ ട്വിറ്ററില്‍ വ്യക്തമാക്കി. ‘എന്റെ ലക്ഷ്യം തമിഴ്നാടിന്റെ പുരോഗതിയാണ്. അതിനായി ഉയരുന്ന എന്റെ ശബ്ദത്തിന്റെ കരുത്തുകൂട്ടാന്‍ ആര്‍ക്ക് സാധിക്കും? ഡിഎംകെ, എഐഎഡിഎംകെ, മറ്റു പാര്‍ട്ടികള്‍ തുടങ്ങിയവ അതിനുള്ള ഉപകരണങ്ങളാണ്. ഇവയ്ക്ക് മൂര്‍ച്ചയില്ലെങ്കില്‍ ബദല്‍ മാര്‍ഗം കണ്ടെത്തുക’- മറ്റൊരു ട്വീറ്റില്‍ കമല്‍ഹാസന്‍ കുറിച്ചു.

അതേസമയം, രാഷ്ട്രീയത്തിലിറങ്ങിയ ശേഷം സര്‍ക്കാരിനെ വിമര്‍ശിക്കൂ എന്ന വെല്ലുവിളിയുമായി മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയും രംഗത്തെത്തി. കമല്‍ഹാസന്‍ രാഷ്ട്രീയത്തിലിറങ്ങിയ ശേഷം സര്‍ക്കാരിനെ വിമര്‍ശിക്കണമെന്നും അപ്പോള്‍ തക്കതമായ മറുപടി നല്‍കാമെന്നുമായിരുന്നു പളനിസാമിയുടെ പ്രസ്താവന.

Top