ചെന്നൈ • അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ മക്കൾ നീതി മയ്യവുമായി സഖ്യമുണ്ടാക്കി ഒവൈസി മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2021 ഏപ്രിൽ- മേയ് മാസങ്ങളിലാണു തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുക. കമലും പാർട്ടിയും മുന്നോട്ടു വയ്ക്കുന്ന നിലപാടുകളോടു മുൻപുതന്നെ ഒവൈസി പിന്തുണ അറിയിച്ചിരുന്നു. 25 സീറ്റുകളിലാകും എഐഎംഐഎം മത്സരിക്കുക എന്നാണ് ഒവൈസിയുമായി അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന.
രജനി ഈ മാസം അവസാനം പാർട്ടി പ്രഖ്യാപിക്കുമെന്നു വ്യക്തമാക്കിയതിനു പിന്നാലെ, റോഡ് ഷോ അടക്കമുള്ള പ്രചാരണ തന്ത്രങ്ങളുമായി കമലും സംസ്ഥാനത്തു സജീവമാണ്. വെല്ലൂർ, റാണിപത്, തിരുപട്ടുർ, കൃഷ്ണഗിരി, രാമനാഥപുരം, പുതുകോട്ടൈ, ട്രിച്ചി, മധുര, തിരുനെൽവേലി തുടങ്ങിയ ജില്ലകളിൽ മുസ്‍ലിം ജനസംഖ്യ കൂടുതലാണ്. ഇവിടങ്ങളിൽ നേട്ടം കുറിക്കാമെന്ന ലക്ഷ്യത്തിലാണ് ഒവൈസി കമലുമായി ഒന്നിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.