ചെന്നൈ: പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ വിമർശിച്ച് നടൻ കമല്‍ഹാസന്‍. കോവിഡ് കാരണം ഇന്ത്യയിലെ പകുതി ജനങ്ങളും ജോലിയില്ലാതെയും പട്ടിണിയോട് പൊരുതിയും കഴിയുന്ന ഈ സമയത്ത് 1000 കോടി രൂപ ചിലവില്‍ ആരെ സംരക്ഷിക്കാനാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നതെന്നാണ് കമല്‍ഹാസന്‍ ഉന്നയിക്കുന്ന ചോദ്യം. തന്റെ ചോദ്യത്തിന് ദയവായി പ്രധാനമന്ത്രി മറുപടി നല്‍കണമെന്നും കമല്‍ ആവശ്യപ്പെട്ടു.
ട്വിറ്ററിലൂടെയാണ് കമല്‍ഹാസ്സൻ തന്റെ പ്രതിഷേധം അറിയിച്ചത്. ചൈനയിലെ പഴയ ഭരണകാലത്തെ പരാമര്‍ശിച്ചുകൂടിയായിരുന്നു കമലിന്റെ വിമര്‍ശനം. ‘ചൈനയില്‍ വന്‍മതില്‍ പണിയുമ്പോള്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ മരിച്ചു വീണിരുന്നു. അന്ന് രാജാവ് തൊഴിലാളികളോടും ജനങ്ങളോടും പറഞ്ഞത് നിങ്ങളെ സംരക്ഷിക്കാനാണ് ഈ മതില്‍ എന്നാണ്.’ – കമല്‍ ചൂണ്ടിക്കാട്ടി.