കമലഹാസനെ രാഷ്ട്രീയത്തിലിറങ്ങാന്‍ വെല്ലുവിളിച്ച് തമിഴ്‌നാട് മന്ത്രി

ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസനെ രാഷ്ട്രീയത്തിലിറങ്ങാന്‍ വെല്ലുവിളിച്ച് തമിഴ്‌നാട് ധനമന്ത്രി ഡി ജയകുമാര്‍.

സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് താരത്തിന്റെ ശീലമായിരിക്കുന്നു, ജയലളിത ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ എന്തുകൊണ്ട് കമലഹാസന്‍ നാവ് അനക്കിയില്ല എന്നും മന്ത്രി ആരാഞ്ഞു.

തമിഴ്‌നാട് സര്‍ക്കാരില്‍ അഴിമതി തുടര്‍ക്കഥയാവുന്നുവെന്ന കമല്‍ഹാസന്റെ അഭിപ്രായ പ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോ ബിഗ് ബോസ്സിന്റെ തമിഴ് പതിപ്പ് കമല്‍ഹാസന്‍ കൈകാര്യം ചെയ്യുന്നതിനെതിരേയും വലിയ വിമര്‍ശനം ഉയരുന്നുണ്ട്.

തമിഴ് സംസ്‌കാരത്തെ കരിവാരിത്തേക്കാനാണ് ഈ പരിപാടിയിലൂടെ അദ്ദേഹം ശ്രമിക്കുന്നതെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.

പരിപാടി നിരോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. കമലിന്റെ ബിഗ് ബോസ്സ് ഷോയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു സംസ്ഥാന നിയമമന്ത്രി സിവി ഷണ്‍മുഖം അഭിപ്രായപ്പെട്ടത്.

കമല്‍ഹാസ്സന്റെ അഭിപ്രായപ്രകടനത്തെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം നേരത്തെ രംഗത്തെത്തിയിരുന്നു. ജനാധിപത്യ സംസ്‌കാരത്തില്‍ അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതിനു പകരം തെറ്റാണെന്ന് തെളിയിക്കാന്‍ മന്ത്രിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കമല്‍ഹാസന്റെ വിമര്‍ശനത്തോട് പലതരം അഭിപ്രായങ്ങള്‍ തമിഴ് രാഷ്ട്രീയത്തില്‍ ഉയരുന്നുണ്ട്. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് താരം തെളിയിക്കട്ടെ എന്നായിരുന്ന സംസ്ഥാന നഗരകാര്യമന്ത്രി എസ്പി വേലുമണി അഭിപ്രായപ്പെട്ടത്.

താരം അഭിനയിച്ച ചിത്രങ്ങളുടെ വരുമാന നികുതി സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറാണോ എന്നും വേലുമണി ചോദിച്ചു.

അതേസമയം കമല്‍ഹാസനെ പിന്തുണച്ച് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ രംഗത്തെത്തി. സര്‍ക്കാരിനെ വിലയിരുത്തുന്ന ഏതൊരാളും പറയുന്ന കാര്യങ്ങള്‍ മാത്രമേ കമല്‍ഹാസനും പറഞ്ഞിട്ടുള്ളൂവെന്നും അതിന്റെ പേരില്‍ അദ്ദേഹത്തെ വേട്ടയാടേണ്ട കാര്യമില്ലെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

ജനാധിപത്യ സംവിധാനത്തില്‍ വിമര്‍ശനങ്ങളെ പോസിറ്റീവായി സമീപിക്കണമെന്നും സര്‍ക്കാരിന് തെറ്റുകള്‍ മനസ്സിലാക്കാന്‍ ഈ വിമര്‍ശനങ്ങളിലൂടെ സാധിക്കുമെന്നും സ്റ്റാലിന്‍ സൂചിപ്പിച്ചു.

Top