ഇന്ത്യന്‍ 2 ന്റെ സെറ്റിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം നല്‍കി നടന്‍ കമല്‍ഹാസന്‍. തമിഴ് സിനിമാലോകത്തിന് ഞെട്ടലുണ്ടാക്കിയ വാര്‍ത്തയായിരുന്നു ‘ഇന്ത്യന്‍ 2’ സെറ്റില്‍ സംഭവിച്ച മൂന്ന് സിനിമാപ്രവര്‍ത്തകരുടെ അപകടമരണം. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി വീതം ലഭ്യമാക്കിയിരിക്കുകയാണ് കമലും ശങ്കറും ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സും.
ഫെഫ്‌സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) പ്രസിഡന്റ് ആര്‍ കെ സെല്‍വമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിലാണ് മരണപ്പെട്ട മൂന്ന് സിനിമാപ്രവര്‍ത്തകരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്കായി നാല് കോടി രൂപ കൈമാറിയത്.
ഫെബ്രുവരി 19നാണ് ചെന്നൈ പൂനമല്ലിയിലെ ചിത്രീകരണസ്ഥലത്ത് അപകടമുണ്ടായത്. ചിത്രീകരണത്തിന് ഉപയോഗിക്കാനിരുന്ന ക്രെയിന്‍ പൊട്ടി സഹസംവിധായകരായ മനു, കൃഷ്ണ എന്നിവരും ഷൂട്ടിംഗ് സെറ്റിലെ സഹായിയായിരുന്ന ചന്ദ്രനുമാണ് മരിച്ചത്. സംഭവത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന ആശുപത്രിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനു ശേഷമാണ് കമല്‍ഹാസന്‍ അന്ന് ഒരു കോടിയുടെ സഹായ വാഗ്ദാനം പ്രഖ്യാപിച്ചത്.