തെന്നിന്ത്യയില്‍ സിനിമാ ലോകം ഏറെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് മണിരത്നവും കമല്‍ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ കമല്‍ ആരാധകര്‍ക്ക് ഏറെ ആവേശമുണര്‍ത്തുന്ന അപ്‌ഡേറ്റാണ് സിനിമയെക്കുറിച്ച് വന്നിരിക്കുന്നത്. തഗ് ലൈഫില്‍ കമല്‍ഹാസന്‍ മൂന്ന് വേഷങ്ങളിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. 1978 ല്‍ പുറത്തിറങ്ങിയ സട്ടം എന്‍ കയ്യില്‍ എന്ന സിനിമയിലാണ് കമല്‍ ആദ്യമായി ഒന്നിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പിന്നീട് മൈക്കിള്‍ മദന കാമരാജന്‍ മുതല്‍ ദശാവതാരം വരെ നിരവധി സിനിമകളില്‍ അദ്ദേഹം ഒന്നിലധികം വേഷങ്ങളിലെത്തി വിസ്മയിപ്പിച്ചിട്ടുണ്ട്. മണിരത്നത്തെ പോലൊരു സംവിധായകന്റെ സിനിമയില്‍ കമല്‍ഹാസന്‍ ഒന്നിലധികം കഥാപാത്രങ്ങളാകുമ്പോള്‍ അത് മികച്ച അനുഭവമായിരിക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
1987ല്‍ പുറത്തിറങ്ങിയ ‘നായകന്’ ശേഷം മണിരത്‌നവും കമലും ഒന്നിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത. എ ആര്‍ റഹ്‌മാനാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. മലയാളത്തില്‍ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് തുടങ്ങിയവരും തഗ് ലൈഫിന്റെ ഭാഗമാകുന്നുണ്ട്. ജയം രവി, തൃഷ കൃഷ്ണന്‍, ഗൗതം കാര്‍ത്തിക് എന്നിവരും സിനിമയുടെ ഭാഗമാണ്. ദുല്‍ഖര്‍ സല്‍മാനും സിനിമയുടെ ഭാഗമായിരുന്നുവെങ്കിലും മറ്റ് സിനിമകളുടെ തിരക്കുകള്‍ മൂലം തഗ് ലൈഫില്‍ നിന്ന് പിന്മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും അന്‍പറിവ് സംഘട്ടന സംവിധാനവും നിര്‍വ്വഹിക്കുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.