സിനിമാ മേഖലയോട് ഗുഡ് ബൈ പറയാന്‍ ഒരുങ്ങി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് 2020ല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.
പുതിയ പാര്‍ട്ടിയുടെ നിയമങ്ങളുടെയും നയങ്ങളുടെയും രൂപീകരണം അന്തിമഘട്ടത്തിലെത്തി കഴിഞ്ഞു. എല്ലാ ചര്‍ച്ചകള്‍ക്കും നേതൃത്വം കൊടുക്കുന്നത് രജനി തന്നെയാണ്. ഫാന്‍ ക്ലബായ രജനി മക്കള്‍ മന്‍ട്രമാണ് രാഷ്ട്രീയ പാര്‍ട്ടിയായി മാറുന്നത്.
സ്വന്തമായി ഒരു പാര്‍ട്ടി മാത്രമല്ല ഒരു മുന്നണി തന്നെ രൂപീകരിക്കാനാണ് സൂപ്പര്‍സ്റ്റാര്‍ നിലവില്‍ ലക്ഷ്യമിടുന്നത്. ഏതൊക്കെ പാര്‍ട്ടികളും വ്യക്തികളും ഈ മുന്നണിയുടെ ഭാഗമാകുമെന്നതാണ് തമിഴകമിപ്പോള്‍ ഉറ്റുനോക്കുന്നത്.
2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയമാണ് രജനി പ്രധാനമായും ലക്ഷ്യമിടുന്നത്. ജയലളിതയുടെയും കരുണാനിധിയുടെയും പിന്‍ഗാമിയായി മാറുക എന്നതാണ് ലക്ഷൃം. ഭരണപക്ഷമായ അണ്ണാ ഡി.എം.കെയെയും പ്രതിപക്ഷമായ ഡി.എം.കെയെയും ഒരു പോലെ ആശങ്കപ്പെടുത്തുന്ന നീക്കമാണിത്.
ലോകസഭ തിരഞ്ഞെടുപ്പില്‍ ഒന്നൊഴികെ ബാക്കിയെല്ലാ സീറ്റും തൂത്തുവാരിയിരുന്നത് ഡി.എം.കെ മുന്നണിയാണ്. എം.കെ സ്റ്റാലിന്‍ ഭാവി മുഖ്യമന്ത്രി എന്ന നിലയിലായിരുന്നു കാര്യങ്ങള്‍.എന്നാല്‍ രജനിയുടെ രംഗ പ്രവേശത്തോടെ ഈ സാധ്യതക്കാണ് മങ്ങലേറ്റിരിക്കുന്നത്.
ബി.ജെ.പിക്കൊപ്പം എന്ന നിലപാട് മാറ്റി സ്വന്തമായി കരുത്ത് കാട്ടാനുള്ള രജനിയുടെ നീക്കം തന്നെ തന്ത്രപരമാണ്. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ സമാഹരിക്കുക എന്നതാണ് ഇതു വഴി രജനി ലക്ഷ്യമിടുന്നത്.
രജനി മുഖ്യമന്ത്രി, കമല്‍ ഉപമുഖ്യമന്ത്രി എന്ന ഫോര്‍മുലയും ഇപ്പോള്‍ ഉരുതിരിയുന്നുണ്ട്. രണ്ട് പേരുടെയും സുഹൃത്തുക്കള്‍ തന്നെയാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ കമലിന്റെ മക്കള്‍ നീതിമയ്യം സീറ്റുകള്‍ നേടിയില്ലങ്കിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
രജനിയും കമലും പരസ്പരം ഏറ്റുമുട്ടിയാല്‍ അത് വോട്ട് ഭിന്നിക്കാന്‍ കാരണമാകുമെന്നാണ് രാഷ്ടീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.
ആരാധക പിന്തുണയില്‍ രജനിയും അഭിനയ മികവില്‍ കമലുമാണ് തമിഴകത്തെ സൂപ്പര്‍സ്റ്റാറുകള്‍. ഇരുവരും ഒന്നിച്ചാല്‍ അത് വലിയ മാസായി തന്നെ മാറാനാണ് സാധ്യത. തല്‍ക്കാലം ബി.ജെ.പിയോട് അകലം പാലിക്കാനുള്ള രജനിയുടെ തീരുമാനമാണ് സഖ്യത്തിനുള്ള സാധ്യത തുറന്നിരിക്കുന്നത്.
കമല്‍ സിനിമയില്‍ 60 വര്‍ഷം പിന്നിടുന്നത് ആഘോഷിക്കുന്ന ചടങ്ങിലും ഇത്തരമൊരു ആവശ്യം ഉയര്‍ന്നിരുന്നു. ദളപതി വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖറാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നത്. രജനിയും കമലും തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നായി ലയിപ്പിക്കണമെന്നതായിരുന്നു അദ്ദഹത്തിന്റെ ആവശ്യം. പാര്‍ട്ടികള്‍ ലയിച്ചില്ലങ്കിലും ഒരു മുന്നണിയില്‍ തന്നെ തുടരണമെന്ന ആവശ്യവും ഉയരുകയുണ്ടായി.
ഇതിനു മറുപടി പറഞ്ഞ രജനി ‘അത്ഭുതങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം’ എന്നാണ് പ്രതീക്ഷ പ്രകടിപ്പിച്ചത്. കമലുമായുള്ള സഖ്യ സാധ്യത തള്ളാതെയായിരുന്നു തന്ത്രപരമായ ഈ മറുപടി.
ജീവിതത്തിലും സിനിമയിലും രണ്ടുവഴിയാണ് ഇരു താരങ്ങളും സ്വീകരിച്ചതെങ്കിലും അവരുടെ സൗഹൃദം ഇപ്പോഴും ശക്തമാണ്. 43 വര്‍ഷമായിട്ടും ഇതിന് ഒരു ഉലച്ചിലും തട്ടിയിട്ടില്ലന്നാണ് രജനി തന്നെ സാക്ഷ്യപ്പെടുത്തുന്നത്.
സിനിമയിലെ സൂപ്പര്‍ താര പരിവേഷം വോട്ടാക്കി മാറ്റാനാണ് രജനിയും കമലും നിലവില്‍ ശ്രമിക്കുന്നത്. രജനിയുടെ പുറത്തിറങ്ങാന്‍ പോകുന്ന ദര്‍ബാര്‍ വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അനീതിക്കെതിരെ പൊരുതുന്ന ഒരു ഐ.പി.എസ് ഓഫീസറുടെ റോളിലാണ് രജനി ഈ സിനിമയിലെത്തുന്നത്. കമല്‍ ഹാസനാകട്ടെ ഇന്ത്യന്‍ 2 എന്ന ശങ്കര്‍ സിനിമയുടെ തിരക്കിലുമാണ്. അഴിമതിക്കെതിരെ കത്തിയെടുത്ത സേനാപതിയുടെ പുനരവതാരത്തിന് പിന്നിലെ ലക്ഷ്യവും തിരഞ്ഞെടുപ്പ് തന്നെയാണ്.
രജനിയും കമലും ഒരു മുന്നണിയുടെ ഭാഗമായാല്‍ ആ മുന്നണിയെ സിനിമാ ലോകം ഒറ്റക്കെട്ടായി പിന്തുണയ്ക്കാനാണ് സാധ്യത. രാഷ്ട്രീയ മോഹം ഉള്ളില്‍ സൂക്ഷിക്കുന്ന ദളപതി വിജയ് യും ആഗ്രഹിക്കുന്നത് അതുതന്നെയാണ്. മറ്റൊരു സൂപ്പര്‍ താരമായ അജിത്തിനും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമില്ലന്നാണ് സൂചന.
അതേസമയം രജനി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതോടെ അദ്ദേഹത്തിന്റെ പിന്‍ഗാമി പട്ടത്തിനായും മത്സരം കടുക്കാനാണ് സാധ്യത.
‘ദളപതി’ വിജയ് യും ‘തല’ അജിത്തുമാണ് സൂപ്പര്‍ സ്റ്റാര്‍ പട്ടത്തിനരികെയുള്ളത്. ഇരുവരുടെയും ആരാധകരെ സംബന്ധിച്ച് ഇപ്പോഴും ഇവര്‍ സൂപ്പര്‍സ്റ്റാറുകള്‍ തന്നെയാണ്.
എന്നാല്‍ തമിഴകം ഒറ്റക്കെട്ടായി സൂപ്പര്‍ സ്റ്റാറായി അംഗീകരിക്കുന്നത് രജനിയെ മാത്രമാണ്. ഇക്കാര്യത്തില്‍ മറ്റാര്‍ക്കും തന്നെ അഭിപ്രായ വ്യത്യാസവുമില്ല.
രജനി കളം വിടുന്നതോടെ ‘സൂപ്പര്‍ സ്റ്റാര്‍ പട്ട’ത്തെ ചൊല്ലിയുള്ള തര്‍ക്കവും രൂക്ഷമാകാനാണ് സാധ്യത.
ആരാധക പിന്തുണയിലും പ്രതിഫലത്തിന്റെ കാര്യത്തിലും ഒപ്പത്തിനൊപ്പമാണ് തലയും ദളപതിയും. ലക്ഷക്കണക്കിന് അണികള്‍ ഓരോ ജില്ലയിലും ഇരു താരങ്ങള്‍ക്കുമുണ്ട്. കേരളത്തില്‍ പോലും ഇവരുടെ ആരാധകര്‍ ശക്തമാണെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. രജനി – കമല്‍ പോലെ വിജയ് യും അജിത്തും അടുത്ത സുഹൃത്തുക്കളാണെങ്കിലും അണികള്‍ അങ്ങനെയല്ല. പരിധിവിട്ട് പരസ്പരം പോരടിക്കുന്ന ആരാധകരാണ് ഇരുവര്‍ക്കുമുള്ളത്. ഇവര്‍ തമ്മിലുള്ള വലിയ മത്സരത്തിന് കൂടിയാണ് രജനിയുടെ അഭാവം ഇനി അവസരം സൃഷ്ടിക്കുക.
Staff Reporter