ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി കമല്‍ഹാസന്‍. ഇന്ന് നടന്ന മക്കള്‍ നീതി മയ്യം യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കോയമ്പത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക. കോയമ്പത്തൂരില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് കമല്‍ഹാസന്‍ യോഗത്തില്‍ പറഞ്ഞു.
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം വിജയക്കൊടി പാറിക്കുമെന്നാണ് കമല്‍ഹാസന്‍ പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്‍ മുന്‍പ് അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ അണികള്‍ പ്രവര്‍ത്തനം ശക്തമാക്കിയിരുന്നു.
നേരിയ വോട്ടുവ്യത്യാസത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമല്‍ഹാസന്‍ പരാജയപ്പെട്ടത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ വിജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അണികള്‍. ബൂത്തുതല സമിതികള്‍ ഉള്‍പ്പെടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളും സജ്ജമായി കഴിഞ്ഞു.
2018-ല്‍ കമല്‍ഹാസന്റെ നേതൃത്വത്തില്‍ ആരംഭിച്ച മക്കള്‍ നീതി മയ്യം, പാര്‍ട്ടിയുടെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്നെ പരാജയം നേരിട്ടുവെങ്കിലും വോട്ട് വിഹിതം പിടിച്ചെടുക്കാന്‍ സാധിച്ചിരുന്നു. തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും വിജയം ഉറപ്പിച്ചെങ്കിലും ജയിക്കാനായില്ല.