ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ വൈകാരികമായി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. വെള്ളിയാഴ്ച നടന്ന സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുന്നെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവനയെ കമല്‍ ഹാസന്‍ രൂക്ഷമായി വിമര്‍ശിച്ചു.
ഇത്തരം പ്രസ്താവനകളിലൂടെ സര്‍ക്കാര്‍ ആളുകളെ വൈകാരികമായി തെറ്റിദ്ധരിപ്പിക്കുകയാണ്. അങ്ങനെ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിയോടും അദ്ദേഹത്തിന്റെ അനുയായികളോടും ആത്മാര്‍ഥമായി അഭ്യര്‍ഥിക്കുന്നവെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി. ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കാന്‍ കഴിയില്ല. ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിത്തറ. സത്യം കേള്‍ക്കുന്നതുവരെ ചോദിച്ചുകൊണ്ടേയിരിക്കുമെന്നും കമന്‍ ഹാസന്‍ പറഞ്ഞു.
സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് വിദേശകാര്യമന്ത്രാലയവും കരസേനയും പറഞ്ഞതിനു വിപരീതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില വിവരങ്ങള്‍ രഹസ്യസ്വഭാവമുള്ളതാണെന്ന് സമ്മതിച്ചു. എന്നാല്‍ ഇത്തരം വൈകാരിക വിഷയങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ‘ സൈന്യത്തെ സംശയിക്കരുത്’, ‘രാജ്യദ്രോഹി ആകരുത്’ എന്നിങ്ങനെ പറയാതെ കൂടുതല്‍ സുതാര്യവും ഉത്തരവാദിത്വപരവുമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
ഇന്ത്യന്‍ മണ്ണില്‍ ആരും കടന്നുകയറിയിട്ടില്ലെന്നും ഇപ്പോള്‍ അതിര്‍ത്തി കടന്ന് ആരും ഇന്ത്യന്‍ മണ്ണിലില്ലെന്നും ഇന്ത്യയുടെ സൈനിക പോസ്റ്റുകള്‍ ആരും പിടിച്ചെടുത്തിട്ടില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയാണ് വിവാദമായത്.