ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം. സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനുള്ള അഭിമുഖ പരീക്ഷ ആരംഭിച്ചതായും ആദ്യ സ്ഥാനാര്‍ഥി പട്ടിക ഡിസംബറില്‍ പുറത്തിറക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. 30 സ്ഥാനാര്‍ഥികളാകും ആദ്യ പട്ടികയിലുണ്ടാകുക. ഇതില്‍ 15 പേര്‍ പാര്‍ട്ടി അംഗങ്ങളും ബാക്കി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരുമായിരിക്കും. സഖ്യം സംബന്ധിച്ച തീരുമാനത്തിനു ശേഷമായിരിക്കും പിന്നീടുള്ള സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുക.
തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ വേണ്ടത്ര സമയം ലഭിക്കാനാണു മുന്‍കൂട്ടി സ്ഥാനാര്‍ഥി പട്ടിക തയാറാക്കുന്നത്. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവരെ കമല്‍ ഹാസന്‍ നേരിട്ട് അഭിമുഖം നടത്തും.
അതേസമയം, രജനീകാന്ത് പാര്‍ട്ടി പ്രഖ്യാപിക്കുകയാണെങ്കില്‍ അദ്ദേഹവുമായി സഖ്യത്തിനു തയാറാണെന്നും എന്നാല്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പാര്‍ട്ടി നേതാവ് സി.കെ.കുമരവേല്‍ പറഞ്ഞു. അബ്ദുല്‍ കലാം പാര്‍ട്ടി, സത്ത പഞ്ചായത്ത് ഇയക്കം തുടങ്ങിയ ചെറു ഗ്രൂപ്പുകളുമായി സഖ്യ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.