ഇടതുപക്ഷവുമായി ചേര്‍ന്ന് പുതിയ മുന്നണി, കമല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനം നടത്തി.

ഇടതുപക്ഷവുമായി ചേര്‍ന്ന് തമിഴകത്ത് പുതിയ മുന്നണി ഉണ്ടാക്കാനാണ് കമലിന്റെ നീക്കം.

യുവ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയും കമല്‍ പ്രതീക്ഷിക്കുന്നുണ്ട്.

ചൊവ്വാഴ്ച വൈകിട്ട് ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ആള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് പാര്‍ട്ടിയെന്ന പേരിലാണ് പാര്‍ട്ടി രൂപീകരിച്ചിച്ചത്.

നേരത്തെ തമിഴ് വാരികയായ ആനന്ദ വികടന് നല്‍കിയ അഭിമുഖത്തില്‍ ജന്മദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് കമല്‍ പറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് ചെന്നൈയിലുണ്ടായ മഴയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിനാല്‍ ജന്മദിനആഘോഷങ്ങള്‍ ഒഴിവാക്കുകയായിരുന്നു.

പിറന്നാള്‍ ദിനത്തില്‍ ജനങ്ങളുമായി സംവദിക്കാന്‍ താരം ഇറക്കിയ പുതിയ മൊബൈല്‍ ആപ്പ് ‘മയ്യം വിസിലിന്’ വലിയ പിന്തുണയാണ് തമിഴകത്ത് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.

പരമാവധി ആളുകളിലേക്ക് ഇറങ്ങിച്ചെന്ന് അവരുമായി സംവദിക്കാനാണ് മൊബൈല്‍ ആപ്ലിക്കേഷന്‍.

ആര്‍ക്കുവേണമെങ്കിലും എവിടെ നടക്കുന്ന തെറ്റായ കാര്യങ്ങളും ആപ്ലിക്കേഷന്‍ വഴി അറിയിക്കാം. ഇതുവഴി നീതി ലഭ്യമാക്കാമെന്നും കമല്‍ ഹാസന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഈ പദ്ധതി സൂപ്പര്‍ ഹിറ്റായതിന് പിന്നാലെയാണ് ഇപ്പോള്‍ നാടകീയമായി ട്വിറ്ററിലൂടെ രാഷ്ട്രീയ പ്രഖ്യാപനം കമല്‍ നടത്തിയിരിക്കുന്നത്.

Top