വീണ്ടും ‘ഇന്ത്യ’നായി അവതരിക്കാൻ കമൽ . . ശങ്കറിനെ പിന്തിരിപ്പിക്കാൻ അണിയറ നീക്കം

ചെന്നെ: അഴിമതി കാട്ടുന്നത് സ്വന്തം മകനാണെങ്കില്‍ പോലും അവനെ വധിക്കുന്ന ‘സേനാപതി’ കമല്‍ഹാസന്റെ അഭിനയജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ്.

90-കളില്‍ തെന്നിന്ത്യയില്‍ സൂപ്പര്‍ ഹിറ്റായി ഓടിയ ‘ഇന്ത്യന്‍’ എന്ന സിനിമ സംവിധായകന്‍ ശങ്കറിനും ഏറെ പ്രിയപ്പെട്ടതാണ്.

തെന്നിന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കിയ ഈ സിനിമയുടെ രണ്ടാം പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നതായ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ തമിഴകത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.

ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറും കമലും ഒന്നിച്ചാല്‍ സൂപ്പര്‍ ഹിറ്റ് ഉറപ്പാകുമെന്നതിലല്ല, തന്റെ രാഷ്ട്രീയ നേട്ടത്തിനായി കമല്‍ ‘ഇന്ത്യനെ’ ഉപയോഗപ്പെടുത്തുമെന്നതിലാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ആശങ്ക.

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച കമല്‍ ഹാസന്റെ അവസാനത്തെ സിനിമയായിരിക്കും ഇന്ത്യന്‍ – 2 എന്നാണ് പറയപ്പെടുന്നത്.

രജനികാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത 2.0 റിലീസ് ചെയ്ത ശേഷം ‘ഇന്ത്യന്‍’ സിനിമയുടെ രണ്ടാം പതിപ്പിലേക്ക് ശങ്കര്‍ കടക്കുമെന്നാണ് കോളിവുഡ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ നിര്‍മ്മിച്ച അതേ കമ്പനി തന്നെ ഇന്ത്യന്‍ 2 നിര്‍മ്മിക്കാന്‍ താല്‍പ്പര്യപ്പെട്ട് ഇതിനകം തന്നെ രംഗത്ത് വന്നിട്ടുണ്ട്.

അഴിമതിക്കെതിരെ ‘ഇന്ത്യ’നോളം ശക്തമായി പ്രതികരിച്ച മറ്റൊരു സിനിമ സൗത്ത് ഇന്ത്യയില്‍ ഉണ്ടായിട്ടില്ലന്നാണ് സിനിമാനിരൂപകരും സാക്ഷ്യപ്പെടുത്തുന്നത്.

അഴിമതിയില്‍ കുളിച്ച സര്‍ക്കാറിനെ തൂത്തെറിയുവാന്‍ തന്നോടൊപ്പം അണിനിരക്കാനാണ് രാഷ്ട്രീയ സൂചന നല്‍കി കമല്‍ തമിഴ് ജനതയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യന്‍ – 2 വില്‍ തമിഴകത്തെ ചില യാര്‍ത്ഥ സംഭവങ്ങള്‍ കൂടി ഉള്‍ക്കൊള്ളിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

സിനിമ ശക്തമായ സ്വാധീനം ചെലുത്തുന്ന തമിഴകത്ത് ഇന്ത്യന്‍- 2 വരാതിരിക്കാനും തിരക്കിട്ട ചില നീക്കങ്ങള്‍ ഇപ്പോള്‍ അണിയറയില്‍ തുടങ്ങിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യം ആവശ്യപ്പെട്ട് ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നത് സംവിധായകന്‍ ശങ്കറിനു മീതെയാണത്രെ.

ശങ്കര്‍ അല്ലാതെ വേറെ ആര് ഇന്ത്യന്‍ – 2 സംവിധാനം ചെയ്താലും കാര്യമാക്കില്ലന്നും ശങ്കര്‍ പിന്‍മാറണമെന്നതുമാണ് ഇവരുടെ ആവശ്യം.

ശങ്കറിനോട് നേരിട്ടും അടുപ്പക്കാര്‍ വഴിയും സമ്മര്‍ദ്ദം തുടങ്ങി കഴിഞ്ഞതായാണ് പറയപ്പെടുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ ശങ്കര്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും തമിഴകത്ത് നടക്കാന്‍ സാധ്യത കൂടുതലായതിനാല്‍ ആ കാലയളവ് ലക്ഷ്യമിട്ട് ഇന്ത്യന്‍ 2 പുറത്തിറക്കാനാണ് കമലിന്റെ നീക്കം.

Top