ജന്‍മദിനാഘോഷങ്ങള്‍ ഇത്തവണയില്ല, മഴക്കെടുതി അനുഭവിക്കുന്നവരെ സന്ദര്‍ശിക്കും ; കമല്‍ഹാസന്‍

ചെന്നൈ: തന്റെ 63-ാം ജന്‍മദിനത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ചെന്നൈയില്‍ മഴക്കെടുതി അനുഭവിക്കുന്നവരെ സന്ദര്‍ശിക്കാനൊരുങ്ങി കമല്‍ഹാസന്‍.

ഇത്തവണത്തെ ജന്‍മദിനം ആഘോഷമാക്കുന്നില്ലെന്നും മഴക്കെടുതി അനുഭവിക്കുന്നവരെ സന്ദര്‍ശിക്കാന്‍ ജന്‍മദിനം തന്നെ തിരഞ്ഞെടുക്കാന്‍
നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് കമല്‍ഹാസന്റെ വക്താവ് പറഞ്ഞു.

മാത്രമല്ല, പള്ളികരണൈയില്‍ കമല്‍ഹാസന്റെ സാമൂഹ്യ സേവന സംഘടന സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പ് സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് കമല്‍ഹാസന്റെ പ്രഖ്യാപനം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ജന്‍മദിനാഘോഷം ഒഴിവാക്കുമെന്ന വെളിപ്പെടുത്തല്‍.

രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യപടിയെന്ന നിലയില്‍ തന്റെ ആരാധകരുമായി സംവദിക്കുന്നതിന് ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ജന്‍മദിനത്തില്‍ പുറത്തിറക്കുമെന്ന് കമല്‍ ഹാസന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഉച്ചയ്ക്കു ശേഷം ആപ്ലിക്കേഷന്‍ പുറത്തിറക്കുന്ന ചടങ്ങ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

തന്റെ ആരാധകരോട് തയ്യാറായിരിക്കണമെന്നും വലിയ പ്രഖ്യാപനം തന്റെ ജന്മദിനത്തിലുണ്ടാവുമെന്നും കമല്‍ഹാസന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

അരവിന്ദ് കേജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടിയില്‍ നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ട് കൊണ്ടാണ് പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

Top