ചെന്നൈ: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയുവാനും അവ പരിഹരിക്കുന്നതിനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവും നടനുമായ കമല്‍ഹാസന്‍ പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി. പാര്‍ട്ടി രൂപവത്ക്കരിക്കുന്നതിനു മുമ്പ് പ്രഖ്യാപിച്ച ‘മയ്യം വിസില്‍’ മൊബൈല്‍ ആപ്ലിക്കേഷനാണ് അദ്ദേഹം പുറത്തിറക്കിയത്. തിങ്കളാഴ്ചയാണ് ആപ്പ് പുറത്തിറക്കിയത്.
ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുക, അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കുക, പ്രാദേശിക വികസനപ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. പാര്‍ട്ടിയില്‍ അംഗത്വമുള്ളവര്‍ക്ക് മാത്രമാണ് ആപ്പ് ഉപയോഗിക്കാനാകൂ. പൊതുജനങ്ങള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം അതുപയോഗിച്ച് അംഗത്വം നേടാനാകും.
അന്തരീക്ഷ മലിനീകരണം, കുറ്റകൃത്യങ്ങള്‍, അഴിമതി തുടങ്ങിയവ സമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് ഈ ആപ്പ് ഉപയോഗിക്കാമെന്നും എന്നാല്‍ ഇത് പൊലീസിനു പകരമാവില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. എന്നാല്‍ ഈ ആപ്പ് പൊലീസിന് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.