ചെന്നൈ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന കേരളപൊലീസിനെ അഭിനന്ദിച്ച് നടന്‍ കമല്‍ഹാസന്‍ രംഗത്ത്. കോവിഡ് പ്രതിരോധത്തിനിടയില്‍ കേരള പൊലീസ് തയാറാക്കിയ ‘നിര്‍ഭയം’ എന്ന ഗാന വീഡിയോയെയും കമല്‍ഹാസന്‍ പ്രത്യേകം പ്രശംസിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും പ്രചോദനമേകുന്ന ഗാനമാണെന്നാണ് നിര്‍ഭയ ഗാനത്തെ കമല്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച സന്ദേശത്തിലായിരുന്നു കമല്‍ഹാസന്റെ അഭിനന്ദനം.
അതേസമയം പൊലീസിനെ പ്രത്യേക അഭിനന്ദിച്ചതില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കമല്‍ഹാസന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് കത്തെഴുതിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ മഹാനായ ഒരു നടനില്‍ നിന്ന് പ്രശംസ ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് കത്തില്‍ ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് പൊലീസ് കഠിനമായ സാഹചര്യങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. കമല്‍ഹാസന്റെ സന്ദേശം കേരള പൊലീസിലെ ഓരോ അംഗത്തിനും ആത്മവിശ്വാസം പകരുന്നതാണെന്നും ബെഹ്റ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോക്നാഥ് ബെഹ്റയുടെ കത്ത് കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയും പുറത്ത് വിട്ടിട്ടുണ്ട്.
കോവിഡിനെ നേരിടുന്ന കേരള പൊലീസിന് അഭിമാനമായി എത്തിയ നിര്‍ഭയ എന്ന ഗാനം. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ ആശയത്തില്‍ പിറന്നതാണ്.പാടിയതാകട്ടെ സി.ഐ അനന്തലാലും സംഘവുമാണ്. നടന്‍ മമ്മുട്ടി അടക്കമുള്ള പ്രമുഖര്‍ ഈ ഗാനം ഫെയ്സ് ബുക്കില്‍ ഇതിനകം തന്നെ ഷെയര്‍ ചെയ്തിട്ടുണ്ട്. നിപ്പയെയും പ്രളയത്തെയും കേരളം അതിജീവിച്ച പോലെ കോവിഡ് 19 നെയും അതിജീവിക്കുമെന്ന സന്ദേശമാണ് ഈ ഗാനത്തിലൂടെ കേരള പൊലീസ് നല്‍കുന്നത്.
പൊലീസ് കോവിഡിനെ തുരത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ സഹിതമാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. പൊലീസ് സേന ഇതിനകം തന്നെ ഏറ്റെടുത്ത വീഡിയോ താരങ്ങള്‍ കൂടി ഏറ്റെടുത്തതോടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
നേരത്തെ കൊലയാളി വൈറസിനെ തുരത്താന്‍ കൈ കഴുകേണ്ടതിന്റെയും മാസ്‌ക് ധരിക്കേണ്ടതിന്റെയും പ്രാധാന്യം വ്യക്തമാക്കി പൊലീസ് തയ്യാറാക്കിയ നൃത്തവും സൂപ്പര്‍ ഹിറ്റായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ഈ സന്ദേശം പ്രചരിപ്പിക്കുകയുണ്ടായി.