ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി മഹാത്മാ ഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്സെയാണെന്ന മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്റെ വിവാദ പ്രസ്താവനയോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് നടന് രജനീകാന്ത്. കമലിന്റെ വാക്കുകളേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും ആവശ്യമായി വന്നാല്‍ പിന്നീട് ആകാം എന്നുമായിരുന്നു രജനിയുടെ പ്രതികരണം.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണ് ആണ്. ഇവിടെ മുസ്ലീം മെജോരിറ്റി പ്രദേശമായതുകൊണ്ടല്ല ഞാനിത് പറയുന്നത്, ഞാനിത് പറയുന്നത് ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നുകൊണ്ടാണ്. ഞാന്‍ ഗാന്ധിയുടെ കൊച്ചുമകനാണ്, അദ്ദേഹത്തിന്റെ മരണത്തില്‍ നീതി ലഭിക്കണം. ഞാനൊരു നല്ല ഇന്ത്യക്കാരനാണെന്നും ഒരു നല്ല ഇന്ത്യക്കാരന് അവന്റെ രാജ്യം സമാധാന പൂര്‍ണമാകണമെന്നും എല്ലാവരും തുല്യതോടെ ജീവിക്കണമെന്നും ആഗ്രഹിക്കുമെന്നും
കമല്‍ ഹാസന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആണ് കമല്‍ഹാസന്റെ ഈ പ്രസ്താവന.
അതേസമയം കമല്‍ഹാസന്റെ നാവ് വെട്ടിമാറ്റണമെന്ന് തമിഴ്നാട്ടിലെ മന്ത്രി കെടി രാജേന്ദ്ര ബാലാജി പറഞ്ഞിരുന്നു. കമലഹാസന്റെ പാര്‍ട്ടി സമൂഹത്തില്‍ അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും മക്കള്‍നീതിമയ്യത്തെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയാള്‍ പറഞ്ഞത് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നാണ്. തീവ്രവാദത്തിന് മതമില്ല. ഹിന്ദുവെന്നോ, കൃസ്ത്യാനിയെന്നോ, മുസല്‍മാനെന്നോ ഇല്ല,’ ബാലാജി വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ക്ക് വേണ്ടിയാണ് കമല്‍ഹാസന്റെ ഈ പ്രസ്താവന, വിഷം വമിപ്പിക്കുന്ന നേതാവാണ് കമല്‍ഹാസനെന്നും അദ്ദേഹത്തിന്റെ എല്ലാ വാക്കുകളും വിഷമയമാണെന്നും ബാലാജി വിമര്‍ശിക്കുകയുണ്ടായി.
അതേസമയം കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ ബിജെപിയും രംഗത്ത് വന്നിരുന്നു. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് കമല്‍ ഹാസന് ശ്രമിക്കുന്നതെന്നും, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് കമലിനെതിരെ കമ്മീഷന് നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.