ഹീറോയിസം രാഷ്ട്രിയത്തിലും കാണിച്ച് കമൽ ഹാസൻ, പുതിയ കരുനീക്കങ്ങൾ

റ്റ ഡയലോഗുകൊണ്ട് രാജ്യത്തെ മതനിരപേക്ഷ മനസ്സുകളില്‍ ഹീറോ ആയിരിക്കുകയാണ് നടന്‍ കമല്‍ഹാസന്‍. ഗോഡ്‌സെയാണ് രാജ്യത്തെ ആദ്യ തീവ്രവാദിയെന്ന കമലിന്റെ മാസ് ഡയലോഗിന്റെ അലയൊലി തമിഴകവും വിട്ട് രാജ്യത്താകെ പടരുകയാണ്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പ്രതിപക്ഷത്തെ സകല നേതാക്കളും കമലിന്റെ ഈ പ്രതികരണത്തില്‍ അമ്പരിന്നിരിക്കുകയാണ്. അവര്‍ക്ക് പോലും പറയാന്‍ മുട്ട് വിറച്ചതാണ് കമല്‍ തുറന്നടിച്ചത്.

ഉത്തരേന്ത്യയില്‍ ഹിന്ദു പ്രീണനവും ദക്ഷിണേന്ത്യയില്‍ ന്യൂനപക്ഷ പ്രീണനവും നടത്തുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു കമലിന്റെ ഈ മാസ് ഡയലോഗ്. ചങ്കുറപ്പുള്ള കമ്യൂണിസ്റ്റ്കാരന്‍ പറയാന്‍ മടിക്കാത്ത വാക്കുകളാണിത്.

ഭരണവും സ്വാധീനവും കണക്കിലെടുത്ത് നാഴികക്ക് നാല്‍പ്പതുവട്ടം നിലപാടുമാറ്റുന്ന രജനീകാന്ത് അടക്കമുള്ള സൂപ്പര്‍ താരങ്ങളും കണ്ടുപഠിക്കണം കമല്‍ഹാസന്റെ തന്റേടത്തെ.

അഹിംസ കൊണ്ട് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്ര്യാജ്യത്വത്തെ മുട്ടുകുത്തിച്ച് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാഗാന്ധിയുടെ നെഞ്ചിലേക്കു വെടിയുതിര്‍ത്ത ഗോഡ്‌സെ തീവ്രവാദിതന്നെയാണ്. ഈ യാതാര്‍ഥ്യമാണ് കമല്‍ തുറന്നു പറഞ്ഞത്.

മതേതരവാദിയായ കമല്‍ഹാസന്‍ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും കടുത്ത വിമര്‍ശകനാണ്. വോട്ടിനുവേണ്ടി ജാതിയും സമുദായവും മതവും പറഞ്ഞ് പ്രീണിപ്പിക്കുന്നവര്‍ക്ക് മുന്നില്‍ സ്വന്തം നിലപാട് പ്രഖ്യാപിക്കാന്‍ ആര്‍ജ്ജവം കാണിച്ച കമല്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും മാതൃകയാണ്. അതേസമയം, കമല്‍ഹാസനെ ഒറ്റപ്പെടുത്തി വേട്ടയടാനാണിപ്പോള്‍ സംഘപരിവാര്‍ ശ്രമിക്കുന്നത്.

കരൂര്‍ അറവക്കുറിച്ചിയിലെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഒരു ഹിന്ദുവാണെന്നും അത് ഗാന്ധി ഘാതകനായ ഗോഡ്‌സെയാണെന്നും കമലഹാസന്‍ തുറന്നടിച്ചത്.

‘സ്വതന്ത്ര ഇന്ത്യയില്‍ തീവ്രവാദത്തിന് തുടക്കമിട്ടത് ഗോഡ്‌സെയാണ്. അതിനുശേഷമാണ് ഇത് വളരാന്‍ തുടങ്ങിയത്. ഗാന്ധിയുടെ ആദര്‍ശങ്ങള്‍ പിന്തുടരുന്ന ആളാണ് താനെന്നും’ കമലഹാസന്‍ വ്യക്തമാക്കിയിരുന്നു. കമല്‍ഹാസനെതിരെ ബി.ജെ.പി കടന്നാക്രമണം നടത്തുമ്പോള്‍ പിന്തുണയുമായി ഉത്തരേന്ത്യയില്‍ നിന്നും ആര്‍.ജെ.ഡി നേതാവ് തേജസ്വിയാദവും കമ്യൂണിസ്റ്റ് പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യയുടെ രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയത് ഒരു തീവ്രവാദിതന്നെയാണെന്നും അതിനേക്കാള്‍ വലിയ വിശേഷണമുണ്ടെങ്കില്‍ അതായിരിക്കും അയാള്‍ക്ക് ചേരുന്നതെന്നുമാണ് തേജസ്വി വ്യക്തമാക്കിയത്.

കമല്‍ഹാസനെതിരെ രൂക്ഷപ്രതികരണമാണ് ബി.ജെ.പി നേതാക്കള്‍ നടത്തി വരുന്നത്. കമല്‍ഹാസന്റെ നാവ് മുറിച്ചു കളയണമെന്നാണ് തമിഴ്‌നാട്ടില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ കെ.ടി രാജേന്ദ്രബാലാജി പ്രതികരിച്ചത്. ‘കമല്‍ഹാസന്‍ പറഞ്ഞത് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നാണ് . തീവ്രവാദത്തിന് മതമില്ല, ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്‌ലീമെന്നോ ഇല്ലെന്നും’ ബാലാജി പറയുന്നു.

കമല്‍ഹാസനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ബി.ജെ.പി തമിഴ്‌നാട് ഘടകം പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍രാജന്‍ ഉയര്‍ത്തുന്നത്. വിവാദ പരാമര്‍ശം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ കമലിനെതിരെ ചൈന്നൈ അറവാക്കുറിച്ചി പൊലീസ് ഇപ്പോള്‍ കേസെടുത്തിട്ടുണ്ട്.

ഗാന്ധി ഘാതകനായ ആര്‍.എസ്.എസുകാരന്‍ ഗോഡ്‌സെയെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാര്‍ സംഘടനകള്‍ മോദി ഭരണത്തില്‍ ആസൂത്രിതമായി നടപ്പാക്കിയിരുന്നത്. ഗാന്ധിയുടെ 71ാം രക്തസാക്ഷിത്വ ദിനമായ കഴിഞ്ഞ ജനുവരി 30 ന് ഗാന്ധിവധം പുനരാവിഷ്‌ക്കരിച്ച് അത് ആഘോഷമാക്കി മധുരം വിതരണം ചെയ്തതും ഹിന്ദുമഹാസഭയായിരുന്നു.

ഗാന്ധിജിയുടെ ചിത്രത്തിലേക്ക് ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജശകുന്‍ പാണ്ഡെ നിറയൊഴിച്ച് ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ മാലചാര്‍ത്തുകയും ചെയ്തു. ലോകം ഞെട്ടലോടെയാണ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ കണ്ടിരുന്നത്.

മുസ്‌ലിം ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താന്‍ ഗാന്ധി ഹിന്ദുതാല്‍പര്യങ്ങള്‍ ബലികഴിക്കുന്നുവെന്ന് ആരോപിച്ചാണ് ഗൂഡാലോചന നടത്തി ഗോഡ്‌സെ മഹാത്മജിയെ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നത്.

തുടര്‍ന്ന് ഗോഡ്‌സെയെ വധശിക്ഷക്ക് വിധേയനാക്കി. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വധശിക്ഷക്ക് വിധേയരായത് ഗാന്ധി വധക്കേസിലെ പ്രതികളായ ഗോഡ്‌സെയും നാരായണന്‍ ആപ്‌തെയുമാണ്. 1949 നവംബര്‍ 15ന് അംബാല ജയിലില്‍ ഇരുവരെയും ഒന്നിച്ചാണ് തൂക്കികൊന്നത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു ഗോഡ്‌സെ. എന്നാല്‍ ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിന് ബന്ധമില്ലെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. ഗോഡ്‌സെയെ തീവ്രവാദിയാണെന്ന ചരിത്ര സത്യം വിളിച്ചു പറഞ്ഞ കമല്‍ഹാസനെ സംഘപരിവാര്‍ വേട്ടയാടുമ്പോള്‍ സംരക്ഷണമൊരുക്കേണ്ട സിനിമാലോകവും രാഷ്ട്രീയ നേതൃത്വങ്ങളും മൗനം പാലിക്കുന്നതും കുറ്റകരമായ അപരാധമാണ്.

Top