തമിഴകത്ത് ഒറ്റയാനായി കരുത്ത് കാട്ടാൻ ഉലക നായകൻ കമൽഹാസൻ രംഗത്ത് !

രാഷ്ട്രീയത്തില്‍ അല്‍പ്പം പരിചയക്കുറവുണ്ടെങ്കിലും ചങ്കൂറ്റത്തിന് ഒട്ടും കുറവില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഉലകനായകന്‍ കമല്‍ഹാസന്‍. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മക്കള്‍ നീതി മയ്യം.

മുന്നണി സംവിധാനത്തില്‍ വിശ്വാസമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച്,ഒരുവര്‍ഷം കൊണ്ട് ലേക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വേണം ഒരു ധൈര്യം…തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലും ഒറ്റക്ക് മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനം.

ഡിഎംകെയുമായോ അണ്ണാഡിഎംകെയുമായോ കോണ്‍ഗ്രസുമായോ കൈകോര്‍ക്കാന്‍ മക്കള്‍ നീതി മയ്യം ഇല്ല. ബിജെപിയെ തുടര്‍ച്ചയായി കടന്നാക്രമിച്ചപ്പോഴും കോണ്‍ഗ്രസിനോട് പുലര്‍ത്തിയിരുന്ന സമീപനം സഖ്യസാധ്യത വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഡിഎംകെയുമായുള്ള കോണ്‍ഗ്രസ് കൂട്ടുകെട്ട് സഖ്യസാധ്യത അവസാനിപ്പിക്കുന്നതിന് വഴിവച്ചു.

ചുരുങ്ങിയ കാലംകൊണ്ട് തമിഴ് ജനതയുടെ രാഷ്ട്രീയ ചിന്തകള്‍ക്ക് വേറിട്ട മാനം കൊണ്ടുവരാന്‍ കമല്‍ ഹാസന് സാധിച്ചിട്ടുണ്ട് എന്നുതന്നെ പറയേണ്ടിവരും. അഴിമതികള്‍ കണ്ടുമടുത്ത ജനതയ്ക്ക് കമലിന്റെ രാഷ്ടീയ പ്രവേശനം ഒരു പുതു പ്രതീക്ഷ തന്നെയായിരുന്നു. പാര്‍ട്ടി പ്രഖ്യാപിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ഇപ്പോള്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

തമിഴ്‌നാട് രാഷ്ടീയം ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റേയും കമല്‍ ഹാസന്റേയും രാഷ്ട്രീയ പ്രവേശനം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് രജനീകാന്ത് ഇതുവരെ പ്രഖ്യാപനങ്ങല്‍ ഒന്നും നടത്തിയിട്ടില്ല. ഒരു നടനായി മരിക്കാനല്ല രാഷ്ടീയ നോതാവായി ജനങ്ങളെ സേവിച്ചുകൊണ്ടായാരിക്കും തന്റെ മരണമെന്ന് കമല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കാവി പുതച്ച ജാതി രാഷ്ട്രീയത്തെ തമിഴകത്ത് നിന്ന് തൂത്തെറിയാന്‍ കമല്‍ ശ്രമിക്കുമ്പോള്‍, ജാതി വോട്ടുകള്‍ ഉറപ്പിക്കാനാണ് ഡിഎംകെയും എഡിഎംകെയും നേട്ടോട്ടമോടുന്നത്.വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിശാലസഖ്യത്തിലൂടെ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍, തനിച്ച് കളം പിടിക്കാനാണ് മക്കള്‍ നീതി മയ്യത്തിത്തിന്റെലക്ഷ്യം.

പ്രാദേശിക സഖ്യങ്ങളെ കൂടെ നിര്‍ത്തി വിശാല സഖ്യങ്ങളെ വിപുലമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോഴും,ജാതി രാഷ്ട്രീയത്തിലൂടെ തമിഴകത്ത് കാവിവേരുറപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

ദ്രാവിഡ സംസ്‌ക്കാരത്തിലോ ദേശീയതയിലോ ഊന്നിയുള്ള തമിഴ് രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഉലകനായകന്‍. വലത്തേക്കോ ഇടത്തേക്കോ ചായ്‌വില്ലാതെ വേറിട്ട വഴിയെ നടക്കാന്‍ വ്യക്തമാക്കുന്ന രാഷ്ട്രീയ നയത്തെ ദേശീയ മാധ്യമങ്ങളും ഉറ്റുനോക്കുകയാണ്.


എന്നാല്‍ വമ്പന്‍ ശക്തികള്‍ക്കൊപ്പം കളം പിടിക്കാനൊരുങ്ങുന്ന മക്കള്‍ നീതിമയ്യത്തിന് ഡിഎംകെയും,എഡിഎംകെയും ചിലപ്പോള്‍ വെല്ലുവിളിയായേക്കും.അഭിനയ പ്രതിഭയ്ക്കപ്പുറം പരമ്പര്യം കൊണ്ടോ രാഷ്ട്രീയ അനുഭവ സമ്പന്നത്ത് കൊണ്ടോ ജനങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ഒരുപക്ഷെ പാര്‍ട്ടിക്ക് കഴിയണമെന്നില്ല.എന്നാല്‍ അഴിമതി വിരുദ്ധ രാഷ്ടീയ നിലപാടില്‍ തമിഴ് ജനതയെ കയ്യിലെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതിന് ഉദാഹരണമാണ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനങ്ങള്‍ക്കടയില്‍ പാര്‍ട്ടിക്ക് ലഭിച്ച പിന്തുണ.

തമിഴകത്തെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ യുഗം കഴിഞ്ഞുവെന്ന ബിജെപി പരാമര്‍ശിച്ചപ്പോള്‍ 50 വര്‍ഷത്തേക്ക് ബിജെപി തമിഴ്‌നാട് മോഹിക്കേണ്ടെന്നാണ് ഡിഎംകെ എംപി കനിമൊഴി പറഞ്ഞിരിക്കുന്നത്..ശരിയാണ്, രാഷ്ട്രീയത്തില്‍ ഏതു പാര്‍ട്ടിയും,എല്ലായിപ്പോഴും,സുസ്ഥിരമായിരക്കണമെന്നില്ല. അത് എല്ലാവരും മനസ്സലാക്കുന്നത് നന്നായിരിക്കും.

അഴിമതിയും ജനകീയപ്രശ്‌നങ്ങളും ഉയര്‍ത്തികാട്ടിയുള്ള ഗ്രാമസഭകളിലാണ് ഇപ്പോള്‍ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍. അവസരവാദ മുതലെടുപ്പിനായി സഖ്യം ഉണ്ടാക്കിയാല്‍, അഴിമതിവിരുദ്ധ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്നും ഒറ്റയ്ക്ക് മത്സരിക്കാന്‍ കരുത്തുണ്ടെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍.

പുതുച്ചേരിയിലെ ഒരു മണ്ഡലം കൂടാതെ തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും നാല്‍പത് വയസ്സില്‍ താഴെയുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കുമെന്നാണ് കമല്‍ഹാസന്‍ പറയുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമ ഘട്ടത്തിലുമാണ്.

അതേസമയം, സിപിഎം ഏത് മുന്നണിയുടെ ഭാഗമായി മത്സരിച്ചാലും ആ മണ്ഡലങ്ങളില്‍ സിപിഎം സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിക്കാന്‍ മക്കള്‍ നീതി മയ്യം ശ്രമിക്കുമെന്നാണ് ലഭിക്കുന്ന വിവിരം.സിപിഎം നേതാക്കളുമായുള്ള കമല്‍ ഹാസന്റെ അടുപ്പമാണ് ഇതിന് പ്രധാനകാരണം.

യുവാക്കള്‍ക്ക് അവസരം നല്‍കുമ്പോള്‍ 63 വയസ്സ് പിന്നിടുന്ന കമല്‍ഹാസന്‍ മത്സരരംഗത്ത് ഉണ്ടാകുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി വ്യക്തത നല്‍കുന്നില്ല. തന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയുടെ ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് മാത്രം പ്രഖ്യാപിക്കുമെന്നാണ് കമല്‍ഹാസന്റെ നിലപാട്.

ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കന്മാരില്‍ എക്കാലത്തും ജനമനസില്‍ തങ്ങി നില്‍ക്കുന്ന,മുന്‍ തമിഴ്‌നാട് മുഖ്യന്ത്രിമാരായിരുന്ന ജയലളിതയുടേയും, കരുണാനിധിയുടേയും, പിന്‍ബലത്തില്‍ ഇനിയും തമിഴ് ജനങ്ങളെ എത്രമാത്രം സ്വാധീനിക്കാന്‍ കഴിയുമെന്ന് കണ്ടറിയണം.

അധികാര കസേരയില്‍ ഇരുന്ന് മാത്രം സംസ്ഥാനം ഭരിക്കുന്ന നേതാക്കനമാരല്ല വേണ്ടത്, സാധാരണക്കാരന്റെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സിഎന്‍ അണ്ണാദുരൈയേയും,എം.ജി ആറിനെപ്പോലെയുമുള്ള ജനനായകന്മാെരയാണ് തമിഴകത്തിനാവശ്യം.


ജെല്ലിക്കെട്ട് വിഷയത്തില്‍ ഉള്‍പ്പെടെ ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച തമിഴ്‌നാടിന്റെ പോരാട്ട വീര്യം നാം കണ്ടതാണ്. ആ സംസ്‌ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മിടിപ്പുകള്‍ അറിയുന്ന ഒരുമാറ്റമാണ് തമിഴ്ജനത ആഗ്രഹിക്കുന്നതെങ്കില്‍ അവിടെയായിരിക്കും മക്കള്‍ നീതിമയ്യത്തിന്റെ വിജയം.

ജാസ്മിന്‍ അന്‍ഷാദ്‌

Top