കമല്‍നാഥ് ഡിസംബര്‍ 17ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഡിസംബര്‍ 17ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ സന്ദര്‍ശിച്ച ശേഷമാണ് കമല്‍നാഥ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാല്‍ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെ നിരവധി ദേശീയ നേതാക്കള്‍ പങ്കെടുക്കും.

അതേസമയം മുഖ്യമന്ത്രിസ്ഥാനം നാഴികക്കല്ലാണെന്നും പിന്തുണച്ച ജ്യോതിരാദിത്യ സിന്ധ്യക്കു നന്ദിപറയുന്നതായും മധ്യപ്രദേശ് നിയുക്ത മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു.

ഒരു ഡിസംബര്‍ 13 ന് ആണ് ചിന്ദ്‌വാര സന്ദര്‍ശിച്ച ഇന്ദിരാഗാന്ധി തന്നെ പൊതുസമൂഹത്തിനായി കൈമാറിയത്. ജ്യോതിരാദിത്യ സിന്ധ്യക്കു നന്ദിപറയുന്നു. അദ്ദേഹത്തിന്റെ പിതാവിനൊപ്പം താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ പിന്തുണയില്‍ താന്‍ ആഹ്ലാദിക്കുന്നതെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ കമല്‍നാഥിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗമാണ് കമല്‍നാഥിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് ഇപ്പോള്‍ തീരുമാനം ഉണ്ടായിരിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന കേട്ട രണ്ട് പേരുകള്‍ കമല്‍ നാഥിന്റെയും ജോതിരാധിത്യ സിന്ധ്യയുടെയുമായിരുന്നു. ജോതിരാത്യ സിന്ധ്യക്കായി ഭോപ്പാലില്‍ അനുകൂലികള്‍ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുമായി ഇരുവരും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കമല്‍നാഥിന്റെ കാര്യത്തില്‍ തീരുമാനമായത്.

പിന്നീട് കമല്‍നാഥിന്റെയും ജോതിരാത്യ സിന്ധ്യയുടെയും ചിത്രം രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ചു. ക്ഷമയും സമയവുമാണ് കരുത്തുള്ള പോരാളികളെന്ന് രാഹുല്‍ ഗാന്ധി ഈ ചിത്രത്തിന് ഒപ്പം കുറിച്ചു. പിന്നീടാണ് നിയമസഭ കക്ഷി യോഗവും കമല്‍നാഥിന് അനുകൂലമായ തീരുമാനവും ഉണ്ടായത്.

സംസ്ഥാനത്തെ നേതാക്കള്‍ക്കിടയിലും എം.എല്‍.എമാര്‍ക്കിടയിലും പിന്തുണ കൂടുതല്‍ കമല്‍നാഥിനാണ്. മധ്യപ്രദേശിലെ പാര്‍ട്ടിയെ ദിഗ്‌വിജയ് സിംഗില്‍ നിന്ന് മോചിപ്പിച്ച് തെരഞ്ഞെടുപ്പിന് പ്രാപ്തമാക്കിയ നേതാവാണ് കമല്‍നാഥ്.

Top