‘നോട്ടിഫൈ ചെയ്യാത്ത ഭൂമിയില്‍ കല്ലിടാന്‍ സര്‍ക്കാറിന് അവകാശമില്ല’, കെ റെയിലിനെതിരെ റിട്ട. ജസ്റ്റിസ് കമാല്‍ പാഷ

തിരുവനന്തപുരം: കെ റെയില്‍ സര്‍വ്വേക്കല്ല് സ്ഥാപിക്കുന്നതിന്റെ പേരില്‍ സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ സര്‍ക്കാരിനെ വിമര്‍ശിച്ച് റിട്ട. ജസ്റ്റിസ് കമാല്‍ പാഷ രംഗത്ത്. കെ റെയിലിന്റെ പേരില്‍ ജനങ്ങളുടെ വസ്തു കൈയേറാന്‍ സര്‍ക്കാരിന് അവകാശമില്ല. ഭരണകൂടത്തിന്റെ കൈയേറ്റം തടയാന്‍ കഴിയാത്തത് പ്രതിപക്ഷത്തിന്റ കഴിവുകേടാണെന്നും അദ്ദേഹം പറഞ്ഞു.

നോട്ടിഫൈ ചെയ്യാത്ത ഭൂമിയില്‍ കല്ലിടാന്‍ സര്‍ക്കാറിന് അവകാശമില്ല. കെ റെയില്‍ പഠനം എന്ന പേരില്‍ നാട്ടുകാരുടെ നട്ടെല്ല് തല്ലിയൊടിക്കുകയാണ്. ഭൂമി കൈയേറാന്‍ അനുമതി നല്‍കിയ ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി ചോദ്യം ചെയ്യേണ്ടതാണ്. സുപ്രീം കോടതിയില്‍ ഇത് ചോദ്യം ചെയ്യാന്‍ സാധാരണക്കാരന് സാമ്പത്തികമായി കഴിയുന്നില്ലെന്നും കമാല്‍ പാഷ അഭിപ്രായപ്പെട്ടു.

എറണാകുളം മാമലയില്‍ കെറെയിലിനെതിരെ ഇന്നും നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി. അതിരടയാളക്കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. 32 വര്‍ഷം മുന്പ് കൊച്ചി-തേനി ദേശീയപാതയ്ക്കായി പ്രദേശത്ത് അടയാളക്കല്ല് സ്ഥാപിച്ചിരുന്നു. പദ്ധതി ഇതുവരെ നടപ്പായിട്ടില്ല. കല്ല് സ്ഥാപിച്ചതിനെ തുടര്‍ന്ന് ബാങ്കുകളില്‍ നിന്നടക്കം വായ്പ ലഭിക്കുന്നില്ല. തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കാതെ കെറെയില്‍ കല്ല് സ്ഥാപിക്കുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. തര്‍ക്കത്തിനൊടുവില്‍ പൊലീസ് സുരക്ഷയോടെ ഉദ്യോഗസ്ഥര്‍ കല്ല് സ്ഥാപിച്ചു.

Top