സ്ഥിരമായി നില്‍ക്കില്ല; വിജയ്ക്ക് വേണ്ടി താന്‍ അരങ്ങ് പിന്നീട് ഒഴിയുമെന്ന് കമല്‍ ഹാസന്‍ . .

KAMALVIJAY

ചെന്നൈ: രാഷ്ട്രീയത്തില്‍ ‘കുത്തക’യായി നില നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടന്‍ കമല്‍ ഹാസന്‍. ‘താന്‍ രൂപം കൊടുത്ത മക്കള്‍ നീതി മയ്യം പാര്‍ട്ടി തനിക്ക് ശേഷവും തുടരും. നേതാക്കള്‍ മാറി വന്ന് കൊണ്ടിരിക്കും ജനങ്ങളാണ് യഥാര്‍ത്ഥ നേതാക്കള്‍ താന്‍ ഉള്‍പ്പെടെയുള്ളവര്‍ അവരില്‍ ഒരാള്‍ മാത്രമാണെന്നും’ കമല്‍ പറഞ്ഞു. അടുത്തയിടെ തമിഴകത്ത് നടന്ന ഒരു സിനിമാ അവാര്‍ഡ് ചടങ്ങിലായിരുന്നു ഈ അഭിപ്രായ പ്രകടനം.

രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സംഗീത സംവിധായകന്‍ ഇളയരാജയാണെന്നും കമല്‍ വെളിപ്പെടുത്തി. ഇതിനിടെ നടന്‍ ദളപതി വിജയ്‌ യുമായി കമല്‍ ഹാസന്‍ നടത്തിയ ആശയവിനിമയത്തിലെ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.

നിരന്തരമായി രാഷ്ട്രീയത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിജയ് രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ പിന്‍വാങ്ങുമെന്നുമാണ് കമല്‍ വ്യക്തമാക്കിയതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഫാന്‍സ് അസോസിയേഷന്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ വിജയ് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു കമല്‍ നിലപാട് വ്യക്തമാക്കിയത്.

രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുന്നതോടെ തമിഴകത്ത് സിനിമയിലെ പോലെ രാഷ്ട്രീയത്തിലും കമല്‍-രജനി പോരാട്ടം നടക്കുമെന്ന് ഉറപ്പായിരിക്കെ വന്‍ ആരാധകപടയുള്ള ദളപതിയുടെ പിന്തുണ കമലും രജനിയും ഏറെ ആഗ്രഹിക്കുന്നുണ്ട്. രജനിയുടെ ബി.ജെ.പി അനുഭാവം ദളപതിയെ പിറകോട്ടടിപ്പിക്കുമെന്നതിനാല്‍ കമല്‍ വലിയ പ്രതീക്ഷയിലാണിപ്പോള്‍.

ജി.എസ്.ടിക്കെതിരായ വിമര്‍ശനത്തിന്റെ പേരില്‍ വിജയ് നായകനായ ‘മെര്‍സല്‍’ സിനിമക്കെതിരെ രംഗത്ത് വന്ന ബി.ജെ.പി നേതാക്കള്‍ ‘ജോസഫ് വിജയ് ‘ എന്ന് തുറന്നടിച്ചത് വന്‍ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരുന്നത്. ദേശീയ തലത്തില്‍ തന്നെ മെര്‍സല്‍ വിവാദം കത്തി പടരുകയും കോണ്‍ഗ്രസ്സും സി.പി.എമ്മും ബി.ജെ.പിക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് നടന്ന ചെന്നൈ ആര്‍.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ കെട്ടിവച്ച പണം പോലും ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടായി. യുവ താരങ്ങളില്‍ വിജയ്, അജിത്ത് എന്നിവര്‍ക്കുള്ള വലിയ ആരാധകപടയെ നോട്ടമിട്ട് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ അണിയറയില്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്.

അജിത്തിനെ കൂടെ കൂട്ടാന്‍ അണ്ണാ ഡി.എം.കെയിലെ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം മുഖം തിരിച്ചിരിക്കുകയാണ്. വിജയ് ആകട്ടെ സ്വന്തമായി രാഷട്രീയ പാര്‍ട്ടി രൂപീകരിച്ച് ‘ഉചിതമായ ‘ സമയത്ത് രാഷ്ട്രീയത്തിലിറങ്ങുമെന്ന നിലപാടിലുമാണ്. ഈ ‘ഉചിതമായ’ സമയം തനിക്ക് പിന്‍ഗാമിയായി ആയിരിക്കണമെന്നതാണ് കമല്‍ ആഗ്രഹിക്കുന്നത്.

വ്യക്തിപരമായി കമലുമായും രജനിയുമായും അടുത്ത സൗഹൃദം പുലര്‍ത്തുന്ന വിജയ് എന്ത് നിലപാടാണ് വരുന്ന തിരഞ്ഞെടുപ്പില്‍ സ്വീകരിക്കുകയെന്നാണ് തമിഴകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

റിപ്പോര്‍ട്ട് : ടി അരുണ്‍കുമാര്‍

Top