ചെന്നൈ: രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിന് മുന്നോടിയായി കമലഹാസന്‍ സംസ്ഥാനത്ത് പര്യടനം നടത്താന്‍ തീരുമാനം. തമിഴ്‌നാട്ടിലെ അഴിമതിയും, ഭരണത്തിലെ കെടുകാര്യസ്ഥതയും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെന്നും ഇതിന് അറുതി വരുത്തേണ്ടത് അത്യാവശ്യവുമാണെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് കമല്‍ യാത്ര സംഘടിപ്പിക്കുന്നത്.
ജനുവരി 26 മുതല്‍ യാത്രയ്ക്ക് തുടക്കം കുറിക്കുമെന്ന് കമല്‍ അറിയിച്ചു. ഒരു അവാര്‍ഡ്ദാന ചടങ്ങിലാണ് കമല്‍ യാത്രാ പ്രഖ്യാപനം നടത്തിയത്. തമിഴ് വാരികയായ അനന്ദ വികടന്റെ അടുത്ത പതിപ്പില്‍ യാത്രയുമായി ബന്ധപ്പെട്ട പൂര്‍ണ്ണ വിവരങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ, കമല്‍ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പറയുകയും, ജനങ്ങളുമായി സംവദിക്കാനായി ഒരു മൊബൈല്‍ ആപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. തന്റെ 63ാം ജന്മദിനത്തിലായിരുന്നു കമല്‍ഹാസന്‍ ആപ്പ് പുറത്തിറക്കിയത്. എന്നാല്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനു ശേഷം അദ്ദേഹം പൂര്‍ണമായും മൗനിയായിരുന്നു. അദ്ദേഹത്തിന്റെ നയങ്ങള്‍ തന്നെയാണ് രജനിയും മുന്നോട്ട് വച്ചിരുന്നത്.
രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് പലരും കരുതിയിരുന്നെങ്കിലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെങ്കില്‍ താഴെത്തട്ടിലിറങ്ങി ഇനിയും ചിലകാര്യങ്ങള്‍ മനസ്സിലാക്കണമെന്ന് അന്ന് കമല്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ തമിഴ്‌നാട് പര്യടനം പ്രഖ്യാപിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കഴിഞ്ഞ മാസം സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആരാധക സംഗമത്തില്‍ വെച്ച് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചിരുന്നു. രജനികാന്തിന്റെ നീക്കത്തിന് കമല്‍ഹാസനും പിന്തുണയുമായി എത്തിയിരുന്നു. ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് കമല്‍ അടുത്തിടെ എഴുതിയ ഒരു കോളത്തില്‍ സൂചനയും നല്‍കിയിരുന്നു.