ആര്‍ കെ നഗറിലെ വിജയം പണം കൊടുത്തു വാങ്ങിയത്; ദിനകരനെതിരെ കമലഹാസന്‍

kamal-hassann

ചെന്നൈ: എ.ഐ.എ.ഡി.എം.കെ. നേതാവ് ടി.ടി.വി. ദിനകരനെതിരെ നടന്‍ കമലഹാസന്‍ രംഗത്ത്. ആര്‍ കെ നഗറില്‍ ദിനകരന്‍ വിജയം നേടിയത് പണം നല്‍കിയാണെന്ന് ആരോപിച്ചാണ് കമലഹാസന്‍ രംഗത്തെത്തിയത്.

ആര്‍ കെ നഗറില്‍ നടന്ന് തിരഞ്ഞെടുപ്പില്‍ ദിനകരന്‍ വന്‍ തുക നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെ കുറിച്ച് കഴിഞ്ഞ ദിവസം തമിഴ് മാസികയായ ആനന്ദ വികടനില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ദിനകരനെതിരെ കമലഹാസന്‍ വിമര്‍ശനം ഉന്നയിച്ചത്.

തമിഴ്‌നാട്ടിലെ രാഷ്ട്രീയവും, ജനാധിപത്യവും വലിയ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. 20 രൂപ മുതല്‍ 6000 രൂപ വരെ നല്‍കിയാണ് ദിനകരന്‍ വോട്ടര്‍മാരെ സ്വാധീനിച്ചതെന്നും അദ്ദേഹം പറഞ്ഞു. വോട്ട് നേടാന്‍ കള്ളപ്പണം ഒഴുക്കിയത് കുറ്റകൃത്യമാണ്. ആര്‍കെ നഗറിലെ ജനങ്ങള്‍ക്ക് വെറും 20 രൂപ നല്‍കിയാല്‍ അവര്‍ തങ്ങളുടെ വോട്ടുകള്‍ വരെ വില്‍ക്കുമെന്നും, ഇത് വളരെ ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയുടെ മരുമകനായ ദിനകരന്‍ 40,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അടിത്തിടെ നടന്ന ആര്‍ കെ നഗറിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. വടക്കന്‍ ചെന്നൈയിലെ നിയമസഭാ മണ്ഡലത്തില്‍ എതിരാളി ഇ. മധുസൂധനെ 40,707 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 2016 ഡിസംബറില്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയസ്ഥിതി പരുങ്ങലിലായിരുന്നു. തുടര്‍ന്ന് വന്ന രാഷ്ട്രീയ വടംവലികളും മറ്റും ഏറം ചര്‍ച്ചചെയ്യപ്പെട്ടതാണ്.

ജയലളിതയുടെ മരണത്തെ തുടര്‍ന്നായിരുന്നു ആര്‍കെ നഗറില്‍ ബൈ ഇലക്ഷന്‍ നടന്നത്. ഇലക്ഷനും വളരെ വിവാദമായിരുന്നു. കമലഹാസന്‍ തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നോടിയായി ‘മയ്യാം വിസില്‍’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരുന്നു. അഴിമതിക്കെതിരെ പോരാടാനുള്ള ആഹ്വാനവുമായാണ് കമലഹാസന്‍ തന്റെ 63-ാം ജന്മദിനത്തില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്.

അതേസമയം പുതുവര്‍ഷത്തില്‍ രജനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പ്രഖ്യാപനം നടത്തുകയും അഴിമതിക്കെതിരെ പോരാടുന്നതിനുള്ള ആഹ്വാനം നല്‍കുകയും ചെയ്തു. തമിഴ്‌നാട്ടിലെ അഴിമതിയെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെയാണ് രജനികാന്ത് രാഷ്ട്രീയത്തിലെക്ക് പ്രവേശിച്ചത്. തുടര്‍ന്ന് പുതിയ വെബ്‌സൈറ്റ് രൂപികരിക്കുകയും ചെയ്തു. അതിലേക്ക് അംഗങ്ങള്‍ക്ക് ചേരാനുള്ള മൊബൈല്‍ ആപ്പ് ഇറക്കുകയും ചെയ്തിരുന്നു.

കമലഹാസന്‍ തീരുമാനിച്ച അതേ പ്ലാന്‍ തന്നെയായിരുന്നു രജനികാന്തിന്റേയും. എന്നാല്‍ രജനിയുടെ രാഷ്ട്രീയ പ്രവേശനത്തോടെ കമലഹാസന്‍ മൗനം പാലിക്കുകയായിരുന്നു.

Top